ADVERTISEMENT

പുൽപള്ളി (വയനാട്) ∙ സഹകരണ ബാങ്കിലെ വിവാദമായ വായ്പ തിരിമറിക്കെതിരെ സമര രംഗത്തുണ്ടായിരുന്ന കർഷകൻ ആത്മഹത്യ ചെയ്തു. കേളക്കവല ചെമ്പകമൂല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരെ (60) ആണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കൾ ഉച്ചയോടെ കാണാതായ രാജേന്ദ്രൻ നായരെ  ഇന്നലെ രാവിലെ വീടിനു സമീപത്തെ കമുകിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.    

രാജേന്ദ്രൻ നായരുടെ 70 സെന്റ് സ്ഥലത്തിന്റെ ഈടിൻ മേൽ ബാങ്കുമായി ബന്ധപ്പെട്ട ചിലർ വൻ തുക വായ്പയെടുത്ത് പണം തിരിമറി നടത്തിയതാണ് അദ്ദേഹത്തെ കടക്കെണിയിലാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം രാജേന്ദ്രൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

2017 ഓഗസ്റ്റ് 31ന് രാജേന്ദ്രൻ നായർക്ക്  70,000 രൂപ കാർഷിക വായ്പയും 24.30 ലക്ഷം രൂപ കാർഷികേതര വായ്പയും പുൽപള്ളി സഹകരണ ബാങ്കിൽ നിന്നു അനുവദിച്ചിരുന്നു.  70,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും 25 ലക്ഷം ഭരണസമിതിയിൽ സ്വാധീനമുണ്ടായിരുന്ന കൊല്ലപ്പള്ളിൽ സജീവൻ എന്ന ആളാണ് എടുത്തതെന്നുമായിരുന്നു രാജേന്ദ്രൻ നായരുടെ പരാതി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് റിക്കവറി നടപടികളാരംഭിച്ചു.  കാർഷിക വായ്പ 1.07 ലക്ഷവും കാർഷികേതര വായ്പ 45.51 ലക്ഷവുമായിരുന്നു തിരികെ അടയ്ക്കേണ്ടിയിരുന്നത്. 

ബാങ്കിലെ വായ്പ ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പിലും കോടതിയിലും വിജിലൻസിലും പല കേസുകളും നിലവിലുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു. 35 അംഗങ്ങളുടെ പേരിലെടുത്ത വായ്പയുടെ തിരിച്ചടവ് ഇ പ്പോൾ 8 കോടിയിലധികമാണ്.  

ജാനകിയാണു രാജേന്ദ്രൻ നായരുടെ ഭാര്യ. മക്കൾ: രാംജിത്, ശ്രീജിത്. 

 

English Summary: Farmer commits suicide in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com