ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. 

തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ്(42), കൊല്ലം മയ്യനാട് ധവളക്കുഴിയിലെ എസ്.സുനിൽകുമാർ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി മയ്യിൽ സെക്‌ഷനിലെ കരാർ ജീവനക്കാരാണ് ഇവർ.

പറശ്ശിനിക്കടവിനു സമീപത്തെ കണ്ണപ്പിലാവ് കോൾത്തുരുത്തിയിൽ ഇവർ താമസിക്കുന്ന വീടിനു സമീപമാണു ചൊവ്വാഴ്ച പുലർച്ചെ ബിജുവിനെ വീണ നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽനിന്നു വീണെന്നാണു കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

എന്നാൽ, തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നും ഇതു വീഴ്ചയിൽ സംഭവിച്ചതല്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കു മർദനമേറ്റെന്നും കണ്ടെത്തി. തുടർന്ന് ബിജുവിന്റെ കൂടെ താമസിച്ച 3 സഹപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. 

രാത്രി താമസസ്ഥലത്ത് ഇവർ മദ്യപിക്കുന്നതിനിടെ ബിജുവുമായി തർക്കം ഉണ്ടാകുകയും നവാസും സുനിലും ചേർന്നു ബിജുവിനെ മർദിക്കുകയുമായിരുന്നത്രേ. പരുക്കേറ്റു താഴെ വീണ ബിജുവിനെ ഏറെനേരം ശ്രദ്ധിച്ചില്ല. തുടർന്നു രക്തം വാർന്നാണു മരണം സംഭവിച്ചത്. 

ബിജുവിന്റെ ഭാര്യ: ബിന്ദു. മക്കൾ: ജൂവൽ മരിയ, ജുവാൻ.

 

English Summary: KSEB worker killed in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com