കേട്ടില്ലല്ലോ, സർക്കാരേ..; കേൾവി നഷ്ടപ്പെടുമെന്ന ഭയത്തോടെ 360 കുട്ടികൾ ഇന്നു സ്കൂളിലേക്ക്

Mail This Article
കണ്ണൂർ ∙ മാർച്ച് അവസാനം സ്കൂൾ അടയ്ക്കുമ്പോൾ കേൾവിശേഷിയുണ്ടായിരുന്ന 360 കുട്ടികൾ ഇന്നു ശബ്ദലോകം നഷ്ടപ്പെടുമെന്ന ഭയത്തോടെ ക്ലാസ്മുറികളിലേക്കു മടങ്ങിയെത്തും. കാരണം ഒന്നു മാത്രം, സർക്കാരിന്റെ അനാസ്ഥ. ജന്മനാ കേൾക്കാൻ കഴിയാത്ത ഈ കുഞ്ഞുങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയപ്പോഴാണു കേൾവിശേഷി ലഭിച്ചതും സാധാരണ സ്കൂളിൽ വിദ്യാഭ്യാസം സാധ്യമായതും. എന്നാൽ, ഇവർക്കു വച്ചുപിടിപ്പിച്ച ശ്രവണ സഹായിയുടെ മോഡൽ കമ്പനി നിർത്തിയതോടെ അനുബന്ധഭാഗങ്ങൾ ഇപ്പോൾ കിട്ടാനില്ല. മിക്കവരുടെയും ഉപകരണങ്ങൾക്കു പലതരത്തിലുള്ള കേടുപാടുകളുണ്ട്. പലതും പ്രവർത്തനരഹിതമായിക്കഴിഞ്ഞു.
അമേരിക്കൻ കമ്പനിയായ അഡ്വാൻസ് ബയോണിക്സിന്റെ (എബി) ഹാർമണി, ഓറിയ, നെപ്റ്റ്യൂൺ, പ്ലാറ്റിനം എന്നീ സീരീസുകളിലെ ഇംപ്ലാന്റ് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്ന കുട്ടികളാണു പ്രയാസത്തിലായത്. ഇവയ്ക്കുള്ള അറ്റകുറ്റപ്പണിയും അനുബന്ധ ഭാഗങ്ങളുടെ നിർമാണവും വിതരണവും മാർച്ച് 31ന് അവസാനിപ്പിക്കുമെന്നു കമ്പനി മാസങ്ങൾക്കു മുൻപേ അറിയിച്ചിരുന്നു.
ഈ മോഡലുകൾ ഉപയോഗിക്കുന്നവരോടു നെയ്ഡ, മാർവൽ എന്നീ സീരീസ് ഉപകരണങ്ങളിലേക്കു മാറാനാണു നിർദേശിച്ചിരുന്നത്. സ്വന്തം നിലയിൽ ഉപകരണങ്ങൾ മാറ്റാൻ 4 ലക്ഷത്തോളം രൂപ ചെലവു വരും. ഭൂരിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കും ഈ തുക കണ്ടെത്തുക പ്രയാസമാണ്. സ്പീച്ച് പ്രോസസറോ ഹെഡ്പീസോ ബാറ്ററിയോ ചാർജറോ കേടായി ഇവർ ഓരോരുത്തരായി ശബ്ദലോകത്തുനിന്നു പുറത്താവുന്നത് നോക്കിനിൽക്കാനേ നിർധനരായ രക്ഷിതാക്കൾക്കു കഴിയുന്നുള്ളൂ.
ഉപകരണങ്ങൾ പുതുക്കണമെന്ന നിർദേശം കമ്പനി നൽകിയ സമയത്തുതന്നെ ഇക്കാര്യം സാമൂഹിക സുരക്ഷാ മിഷന്റെ ചുമതലയുള്ള മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നതായി കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) ഭാരവാഹികൾ പറഞ്ഞു. ലോക കേൾവിദിനത്തിൽ ‘മലയാള മനോരമ’യും ഇവരുടെ വിഷമം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഉപകരണങ്ങൾ പുതുക്കി നൽകാൻ ഇതുവരെ സർക്കാർ ഇടപെട്ടിട്ടില്ല. ഇന്നു സ്കൂൾ മുറ്റത്തു നടക്കുന്ന പ്രവേശനോത്സവത്തിന്റെ ആഹ്ലാദാരവങ്ങളോ കൂട്ടുകാരുടെ പരിചയം പുതുക്കലോ സ്കൂൾ ബെല്ലിന്റെ മുഴക്കമോ ഈ കുരുന്നുകൾ പലരും കേൾക്കില്ല.
English Summary: 360 Children Will Go to School With Fear of Hearing Loss