ADVERTISEMENT

കൊച്ചി ∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഏഴാം പ്രതിയായ എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ് രഞ്ജിത്ത് ഹൈക്കോടതിയിൽ ഹർജി നൽകി. 2018 ൽ രമേശ് ചെന്നിത്തല നൽകിയ പരാതിയെത്തുടർന്നുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പരാതി. വിവാദമായതോടെ തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറിയിരുന്നു.

ഗൂഢാലോചന നടത്തി ചില കമ്പനികൾക്ക് ഡിസ്റ്റിലറികളും ബ്രൂവറികളും നൽകാൻ ലൈസൻസ് അനുവദിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം.എന്നാൽ ചില കമ്പനികൾക്ക് സർക്കാർ ലൈസൻസ് നൽകിയെങ്കിലും പ്രളയത്തെത്തുടർന്നുള്ള പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ ഇതു പിൻവലിച്ചെന്നു ഹർജിയിൽ പറയുന്നു. രമേശ് ചെന്നിത്തല പ്രോസിക്യൂഷൻ അനുമതിക്കു വേണ്ടി അപേക്ഷ നൽകിയെങ്കിലും 2018 നവംബർ ഏഴിന് ഗവർണർ ഇതു നിരസിച്ചു.

ഇതിനുശേഷമാണ് വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ചെന്നിത്തലയ്ക്കു നൽകാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശം നൽകിയെന്നും ഹർജിയിൽ പറയുന്നു. വിജിലൻസ് കോടതിയുടെ ഈ നടപടി അധികാരപരിധി മറികടന്നുള്ളതാണെന്നും കേസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

English Summary: Brewery and Distillery Permit: Petition to quash case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com