ADVERTISEMENT

കോട്ടയം ∙ ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. കരാറുകാരന്റെ കയ്യിൽ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പത്തനംതിട്ട നിരണം ശിവകൃപയിൽ കെ.കെ.സോമൻ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം കിട്ടിയ സോമൻ ഇന്നു തിരുവനന്തപുരത്ത് സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ചുമതലയേൽക്കേണ്ടതായിരുന്നു.

കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പണി ഏറ്റെടുത്ത കരാറുകാരന്റെ കയ്യിൽ നിന്ന് ഇലക്ട്രിക്കൽ ഡ്രോയിങ് അംഗീകരിച്ചു നൽകാൻ സ്ഥലപരിശോധനയ്ക്കിടെ സോമൻ 10,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് അറിയിച്ചു. തുടർന്നു അന്തിമ അനുമതി നൽകണമെങ്കിൽ അപാകത പരിഹരിച്ച ഡ്രോയിങ്ങും 10,000 രൂപയും ഇന്നലെ വൈകിട്ട് അഞ്ചിനുള്ളിൽ ഓഫിസിലെത്തി നൽകണമെന്ന് അറിയിച്ചു. പ്രമോഷൻ ലഭിച്ചു തിരുവനന്തപുരത്തേക്കു പോകുന്ന സോമന്റെ കോട്ടയത്തെ ഓഫിസിലെ അവസാന പ്രവൃത്തി ദിനമായിരുന്നു ഇന്നലെ.

തുടർന്നു കരാറുകാരൻ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 10,000 രൂപ ഇന്നലെ രാവിലെ പതിനൊന്നിനു സോമനു ഓഫിസിൽ വച്ചു കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നു സമീപ കാലത്തു ഓൺലൈൻ പേയ്മെന്റ് വഴി മൂന്നു ലക്ഷത്തോളം രൂപ വാങ്ങിയതിന്റെ തെളിവുകളും കണ്ടെത്തി. പ്രതിക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നെന്നു വിജിലൻസ് പറഞ്ഞു. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല എസ്പി വി.ജി.വിനോദ്കുമാറിന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ വിജിലൻസ് ഡിവൈഎസ്പി വി.ആർ.രവികുമാർ, ഡിവൈഎസ്പി എ.കെ. വിശ്വനാഥൻ, പൊലീസ് ഇൻസ്പെക്ടറായ ബി. മഹേഷ് പിള്ള, എസ്.പ്രദീപ്, ജി.രമേശൻ, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ, സാബു, ബി. സുരേഷ് കുമാർ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

പിടിവീണത് സ്ഥാനക്കയറ്റത്തോടെ ഇന്ന് പുതിയ അധികാരമേൽക്കാനിരിക്കെ

കോട്ടയം ∙ സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മേധാവിവരെ ആകാമായിരുന്ന വ്യക്തിയെയാണ് ഇന്നലെ വിജിലൻസ് കോട്ടയത്തു പിടികൂടിയത്. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി ഇന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന കെ.കെ.സോമന് അഡീഷനൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി ഉടൻ സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. നിലവിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിരമിച്ചതോടെ അഡീഷനൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കു സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ സോമനും സ്ഥാനക്കയറ്റം ലഭിച്ചേനെയെന്നും ഉടൻ തന്നെ വകുപ്പു മേധാവി സ്ഥാനത്ത് എത്താമായിരുന്നെന്നും വകുപ്പിലുള്ളവർ പറയുന്നു.

പവർ വിഭാഗത്തിന്റെ അധികാരി‌

സർക്കാരിനു കീഴിലുളള പവർ വിഭാഗത്തിന്റെ ജില്ലയിലെ അധികാരിയാണു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ. കെഎസ്ഇബി, അനെർട്ട്, എനർജി മാനേജ്മെന്റ് എന്നിവയുടെ പരിശോധനകൾ നടത്താനുള്ള അധികാരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ സംഭവിക്കുമ്പോൾ പരിശോധന നടത്തി സർക്കാരിലേക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറാണ്. 10 കെവിഎ മുതലുള്ള ജനറേറ്റർ എവിടെ സ്ഥാപിക്കണമെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതി വേണം. എക്സ്റേ, സിടി സ്കാൻ കേന്ദ്രങ്ങൾ, ഡിസ്പ്ലേ നിയോൺ ബോർഡ് എന്നിവ സ്ഥാപിക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധിക്കണം.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതി വേണ്ടവ

∙ കെട്ടിടങ്ങളിൽ (വീടുകൾ ഉൾപ്പെടെ) ലിഫ്റ്റ് സ്ഥാപിക്കുക.
∙ സിനിമ തിയറ്റർ ലൈസൻസ്.
∙ വയറിങ് ലൈസൻസ്, കോൺട്രാക്ടർ ലൈസൻസ് നൽകൽ.
∙ 10 കിലോ വാട്ട് പീക്ക് (കെഡബ്ല്യൂപി) സൗരോർജ പദ്ധതി സ്ഥാപിക്കാൻ.
∙ 11 കെവി ട്രാൻസ്ഫോമർ സ്ഥാപിക്കാൻ.
∙ 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിലെ വയറിങ് സംബന്ധമായവ.

English Sumary: Bribery: Electrical inspector arrested at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com