കെഎസ്ഇബിയുടെ 6375 കോടിയുടെ കിഫ്ബി വായ്പ: ബാധ്യതയിൽനിന്ന് പിൻമാറി സർക്കാർ

HIGHLIGHTS
  • വായ്പ എടുക്കലും തിരിച്ചടയ്ക്കലും കെഎസ്ഇബി നേരിട്ട്
KSEB iStock
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം∙ കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്നു സംസ്ഥാന സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു സർക്കാർ– കിഫ്ബി – കെഎസ്ഇബി ത്രികക്ഷി കരാർ . ഇതിൽ മാറ്റം വരുത്തി വായ്പയെടുക്കുന്നതും തിരിച്ചടയ്ക്കുന്നതും കെഎസ്ഇബി നേരിട്ടായിരിക്കുമെന്നു സർക്കാർ ഭേദഗതി ഉത്തരവിറക്കി. കിഫ്ബിയെ ഉപയോഗിച്ചുള്ള കടമെടുപ്പിൽ കേന്ദ്രം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണു പിന്മാറ്റം. ഫലത്തിൽ പദ്ധതിയിൽ സർക്കാരിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടും. 

ഉൽപാദനകേന്ദ്രങ്ങളിൽ നിന്നു സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗത്തേക്കും വൈദ്യുതിയെത്തിക്കുന്ന 400 കെവി, 220 കെവി ലൈനുകൾ ശക്തിപ്പെടുത്തുന്ന 10,000 കോടിയുടെ പദ്ധതിയാണു ട്രാൻസ്ഗ്രിഡ് 2.0. രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിന് 6375 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയത്. 2017 ജൂലൈ 7ന് ഒപ്പിട്ട ത്രികക്ഷി കരാർ പ്രകാരം പദ്ധതി 40 ശതമാനമാകുമ്പോൾ സർക്കാർ തിരിച്ചടവു നടത്തണം. പദ്ധതി നടത്തിപ്പിലും അറ്റകുറ്റപ്പണിയിലും സർക്കാരിനും കെഎസ്ഇബിക്കും തുല്യ ഉത്തരവാദിത്തം. 

വായ്പാ ഇടപാട് കിഫ്ബിയുമായി നേരിട്ടു നടത്തിക്കൊള്ളാമെന്നും ത്രികക്ഷി കരാർ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടു ഓഗസ്റ്റിൽ കെഎസ്ഇബി എംഡി സർക്കാരിനു കത്തു നൽകിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുകയും കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ മൊത്തം കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുമെന്നു സിഎജി മുന്നറിയിപ്പു നൽകുകയും ചെയ്ത ഘട്ടത്തിലായിരുന്നു ഇത്. പകരം പ്രസരണ ശൃംഖലയുടെ ഉടമസ്ഥത കെഎസ്ഇബി ആവശ്യപ്പെട്ടതിനാൽ സർക്കാർ മടിച്ചു. ഇക്കാര്യത്തിൽ നിയമോപദേശവും തേടി. ഇതിനിടയിലാണു വീണ്ടും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഇതോടെ 4 ദിവസം മുൻപു ഭേദഗതി ഉത്തരവിറക്കി. 

English Summary : Government backed away from responsibility of KSEB loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS