ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാരെയും അധ്യാപകരെയും സാക്ഷിനിർത്തി മലയാള മനോരമയുടെ ‘സ്നേഹനിധി’ പദ്ധതിയുടെ മൂന്നാംഘട്ട പ്രഖ്യാപനം. അമ്മമാരുടെയും കുട്ടികളുടെയും പാട്ടും ഗോപിനാഥ് മുതുകാടിന്റെ മാജിക്കും വർണം വിരിയിച്ച സദസ്സിൽ 10 ബഡ്സ് സ്കൂളുകൾക്കു 15 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണു പ്രഖ്യാപിച്ചത്. സ്പീക്കർ എ.എൻ.ഷംസീർ പ്രഖ്യാപനം നിർവഹിച്ചു. 

ഭിന്നശേഷിക്കാരായ കുട്ടികൾ തയാറാക്കിയ കരകൗശല വസ്തുക്കൾ സമ്മാനമായി നൽകിയാണ് അതിഥികളെ വരവേറ്റത്. അമ്മമാർ തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളോടു സമൂഹം സഹാനുഭൂതി ഉള്ളവരാകണമെന്ന് സ്പീക്കർ പറഞ്ഞു. ഈ കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപന്നങ്ങൾ വാങ്ങാൻ മുൻഗണന നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്താനും നമുക്കു കഴിയണം. ഈ രംഗത്തു വർഷങ്ങളായി മനോരമ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ് – സ്പീക്കർ പറഞ്ഞു. 

ലാഭത്തിനു വേണ്ടിയുള്ള കോർപറേറ്റുകളുടെ ദുരയാണ് എൻഡോസൾഫാൻ ദുരന്തത്തിനു കാരണമെന്ന് കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ശാരീരിക പരിമിതികൾ ചികിത്സയിലൂടെ മാറ്റാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് എല്ലാ രക്ഷിതാക്കളും പ്രശ്നങ്ങളെ പോസിറ്റീവായി സമീപിക്കണമെന്ന് മജിഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ഡോ.മുഹമ്മദ് ഷമീം എന്നിവർ പ്രസംഗിച്ചു. 

മലയാള മനോരമ ചാരിറ്റബിൾ ട്രസ്റ്റ് വിഹിതവും വിവിധ നല്ലപാഠം സ്കൂൾ കുട്ടികൾ നൽകിയ വിഹിതവും ചേർത്ത് 7 വർഷം മുൻപ് ജില്ലയിലെ ബഡ്സ് സ്കൂളുകളിലേക്ക് ഭിന്നശേഷി സൗഹൃദ വാഹനങ്ങൾ കൈമാറിയിരുന്നു. പുല്ലൂർ പെരിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ രാജ്യാന്തര നിലവാരത്തിൽ നിർമിച്ചു നൽകി. ഈ പദ്ധതികളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സഹായവിതരണം. 

English Summary : Manorama aid to Buds Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com