ADVERTISEMENT

തിരുവനന്തപുരം ∙ പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ.വെള്ളായണി അർജുനൻ (90) അന്തരിച്ചു. മലയാള ഭാഷയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ‍ഡോ. അർജുനൻ വിശ്വവിജ്ഞാന കോശം നിഘണ്ടു, മലയാളം മഹാനിഘണ്ടു എന്നിവ തയാറാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. മൂന്നു ഡി–ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ്. വെള്ളായണി ശാന്തിവിളയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.

കേരള സർവകലാശാലയിൽ ലെക്സിക്കൻ ഓഫിസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച വെള്ളായണി അർജുനൻ, കൊല്ലം എസ്എൻ കോളജിൽ മലയാളം അധ്യാപകൻ, അലിഗഡ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ഭാഷാ വിഭാഗം മേധാവി, എംജി സർവകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന സർവ വിജ്ഞാനകോശം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാ മിഷൻ എന്നിവയുടെ ഡയറക്ടറായിരുന്ന കാലയളവിൽ മലയാള ഭാഷയുടെ വികാസത്തിനുവേണ്ടി ശ്രദ്ധേയ ഇടപെടലുകളാണു നടത്തിയത്.

കവിതകൾ, കഥകൾ, ബാലസാഹിത്യകൃതികൾ, നിരൂപണങ്ങൾ, ഭാഷാ ശാസ്ത്രഗ്രന്ഥങ്ങൾ, പഠനങ്ങൾ, ജീവചരിത്രങ്ങൾ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക ശാഖകളിലൂടെയും ഭാഷയെ പരിപോഷിപ്പിച്ചു. സാഹിത്യ അക്കാദമി അവാർ‍ഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. മികച്ച സർവ വിജ്ഞാനകോശത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം അഞ്ചാം വാല്യത്തിന് 1981ൽ ലഭിച്ചു. 2008 ലാണു രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാരിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 35 വർഷം മുൻപ് ബാലരാമപുരത്തിനു സമീപം ആറാലുംമൂട്ടിൽ ആരംഭിച്ച ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ടഗോർ എജ്യുക്കേഷനൽ ട്രസ്റ്റ്, ടോൾസ്റ്റോയി മെമ്മോറിയൽ പബ്ലിക് സ്കൂൾ എന്നിവ വിദ്യാഭ്യാസരംഗത്തു ഡോ. വെള്ളായണി അർജുനന്റെ സംഭാവനയാണ്.

രണ്ടു വർഷം മുമ്പായിരുന്നു ഭാര്യ എ.രാധാമണിയുടെ മരണം. മക്കൾ: പരേതയായ എ.ആർ.ജയശ്രീ, ഡോ. എ.ആർ.സുപ്രിയ (പ്രോജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം), എ.ആർ.സാഹിതി, ഡോ. എ.ആർ.രാജശ്രീ, എ.ആർ.ജയശങ്കർ പ്രസാദ്. മരുമക്കൾ: പരേതനായ അവണാകുഴി ജയകുമാർ, പരേതനായ പ്രദീപ്കുമാർ, അജിത് കുമാർ, ചിത്ര.എസ്.കുമാർ.

English Summary: RIP Dr. Vellayani Arjunan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com