ADVERTISEMENT

തിരുവനന്തപുരം∙ എംജി സർവകലാശാലാ താൽക്കാലിക വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ച പാനലിൽ നിന്ന് മുൻ വിസി ഡോ.സാബു തോമസിനെ ഒഴിവാക്കി പകരം മറ്റൊരാളെ ഉൾപ്പെടുത്തി സർക്കാർ വീണ്ടും മൂന്നംഗ പാനൽ നൽകി. മലയാള സർവകലാശാലാ വിസി സ്ഥാനത്തേക്കും മൂന്നംഗ പാനൽ നൽകിയിട്ടുണ്ട്.

വിസിയുടെ താൽക്കാലിക ചുമതല സീനിയർ പ്രഫസർക്കു നൽകണമെന്നാണ് യുജിസി ചട്ടം. എന്നാൽ താരതമ്യേന ജൂനിയറായ പ്രഫസർമാരുടെ പേരുകളാണ് രണ്ടു പാനലിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എംജിയിലേക്ക് നൽകിയ ആദ്യ പാനലിൽ ഉള്ളവർ സ്വീകാര്യർ അല്ലെന്നതു കൊണ്ടാണ് ഗവർണർ തള്ളിയത്. എന്നാൽ ആ പാനലിലെ 2 പേരെയും നിലനിർത്തി ഡോ.സാബുവിനു പകരം ഫിസിക്സ് പ്രഫസർ ഡോ.സി.സുദർശന കുമാറിനെ ഉൾപ്പെടുത്തിയാണ് പുതിയ പാനൽ നൽകിയത്. കഴിഞ്ഞ പാനലിൽ ഉണ്ടായിരുന്നു മുൻ പ്രോ വിസി ഡോ.സി.ടി.അരവിന്ദകുമാർ, ഡോ.കെ.ജയചന്ദ്രൻ എന്നിവർ പുതിയ പാനലിലും ഉണ്ട്. ഇതിൽ അരവിന്ദ കുമാറിന് എതിരെ സർട്ടിഫിക്കറ്റ് വിവാദം ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകിയിരുന്നു.

മലയാള സർവകലാശാലാ താൽക്കാലിക വിസിയായി നിയമിക്കുന്നതിന് എംജിയിലെ പ്രഫസർ ഡോ.പി.എസ്.രാധാകൃഷ്ണന്റെ പേരു മാത്രമാണ് നേരത്തേ ഗവർണർക്ക് നൽകിയിരുന്നത്. ഇത് അദ്ദേഹം നിരസിച്ച സാഹചര്യത്തിൽ ഡോ.രാധാകൃഷ്ണനു പുറമേ പ്രഫസർമാരായ ഡോ.എം.കൃഷ്ണൻ നമ്പൂതിരി, ഡോ.എൽ.സുഷമ എന്നിവരെ കൂടി ഉൾപ്പെടുത്തി മൂന്നംഗ പാനൽ നൽകുകയായിരുന്നു. 

സംസ്ഥാനത്തെ പല സർവകലാശാലകളിലും സീനിയർ പ്രഫസർമാർ ഉള്ളപ്പോഴാണ് അവരെയെല്ലാം തഴഞ്ഞു താരതമ്യേന ജൂനിയർ ആയ ആളുകളെ ഉൾപ്പെടുത്തി ഗവർണർക്കു സർക്കാർ പാനലുകൾ നൽകിയത്. ഇപ്പോൾ തൃശൂരിലുള്ള ഗവർണർ നാളെ തിരികെയെത്തിയ ശേഷം 2 സർവകലാശാലകളുടെയും കാര്യത്തിൽ തീരുമാനമെടുക്കും.

English Summary : New MG panel without Sabu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com