തിരഞ്ഞെടുപ്പിലേക്ക് യൂത്ത് കോൺഗ്രസ്; അധ്യക്ഷ പദം നോട്ടമിട്ട് എ വിഭാഗം

Mail This Article
തിരുവനന്തപുരം / കൊച്ചി ∙ യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങി. 28 മുതൽ ജൂലൈ 28 വരെ നടക്കുന്ന അംഗത്വ വിതരണത്തിന് ഒപ്പമാണ് വോട്ടെടുപ്പും. അംഗത്വം എടുക്കുന്നതിനൊപ്പം വിവിധ തലങ്ങളിലേക്ക് വോട്ടും ചെയ്യാവുന്ന തിരഞ്ഞെടുപ്പു രീതിയാണ് സംഘടന അവലംബിക്കുന്നത്. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ നിലവിലുള്ള പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹി നിര ഒഴിഞ്ഞു. പുതിയ ഭാരവാഹികൾക്കായി ചർച്ചയും ചരടു വലികളും സജീവമായി.
18നും 35നും ഇടയിൽ പ്രായമുളളവർക്കാണു യൂത്ത് കോൺഗ്രസിൽ അംഗത്വം. തിരഞ്ഞെടുപ്പിനായി തയാറാക്കിയിരിക്കുന്ന മൊബൈൽ ആപ് വഴി അംഗത്വം എടുക്കാം. 50 രൂപയാണ് അംഗത്വ ഫീസ്. ഭാരവാഹിയാകണമെങ്കിൽ നാമനിർദേശ പത്രികയ്ക്കൊപ്പം വേറെ ഫീസ് ഉണ്ട്. സ്ഥാനാർഥിയാകാൻ മണ്ഡലം കമ്മിറ്റിയിൽ 150 രൂപ, നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ 500 രൂപ, ജില്ലാ കമ്മിറ്റിയിൽ 3000 രൂപ, സംസ്ഥാന കമ്മിറ്റിയിൽ 7500 രൂപ എന്നിങ്ങനെയാണു ഫീസ്.
45 ജനറൽ സെക്രട്ടറിമാരാണു സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുക. 8 വൈസ് പ്രസിഡന്റുമാരുമുണ്ടാകും. ഇവരിൽ, ഏറ്റവും കൂടുതൽ പേരെ യൂത്ത് കോൺഗ്രസിൽ ചേർക്കുന്ന 3 പേരെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തും. അഭിമുഖം നടത്തി ഒരാളെ പ്രസിഡന്റായും മറ്റു 2 പേരെ വൈസ് പ്രസിഡന്റുമാരായും നിയമിക്കുമെന്നാണു തിരഞ്ഞെടുപ്പു നിയമാവലി പറയുന്നത്.
അധ്യക്ഷ പദം നോട്ടമിട്ട് എ വിഭാഗം
നിലവിൽ എ വിഭാഗത്തിലെ ഷാഫി പറമ്പിലാണ് അധ്യക്ഷൻ എന്നതിനാൽ ആ വിഭാഗം തന്നെയാണ് സംസ്ഥാന അധ്യക്ഷപദം നോട്ടമിടുന്നത്. ജെ.എസ്.അഖിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെയാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്. മുൻ കെഎസ്‌യു പ്രസിഡന്റ് കെ.എം.അഭിജിത്, ബിനു ചുള്ളിയിൽ, അബിൻ വർക്കി കോടിയാട്ട് എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്.
English Summary: Nomination filing started for youth congress office bearers election