പ്രായപൂർത്തി വോട്ടവകാശം: പ്രഥമ നിയമസഭയ്ക്ക് 75 വയസ്

secretariat-noirth-block-file-pic
തിരുവിതാംകൂറിൽ നിയമസഭാ സമ്മേളനങ്ങൾ നടന്നു വന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്ക് – ഫയൽ ചിത്രം.
SHARE

കോട്ടയം∙ തിരുവിതാംകൂർ നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് 75 വയസ്. ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആദ്യ നിയമസഭയാണിത്. 

തിരുവിതാംകൂർ മഹാരാജാവ് 1947 സെപ്‌റ്റംബർ നാലിന് ഉത്തരവാദഭരണപ്രഖ്യാപനം നടത്തിയതോടെ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി. 1948 ഫെബ്രുവരി 2 മുതൽ 18 വരെ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി ‘തിരുവിതാംകൂർ പ്രതിനിധി സമിതി (ട്രാവൻകൂർ റെപ്രസെന്ററ്റീവ് ബോഡി)’ എന്ന പേരിൽ 120 അംഗ ഭരണഘടനാ നിർമാണസഭ രൂപീകൃതമായി. കക്ഷിനില : ഇന്ത്യൻ നാഷനൽ കോൺഗ്രസ് – 97, തമിഴ്നാട് കോൺഗ്രസ് – 14, മുസ്‌ലിം ലീഗ് – 8, കക്ഷിരഹിതൻ – 1. 

1948 മാർച്ച് 20ന് പ്രഥമ യോഗം ചേർന്ന് ഈ സമിതിയെ ഒരു നിയമസഭയായി അംഗീകരിക്കണമെന്ന പ്രമേയം പാസ്സാക്കുകയും എ.ജെ. ജോണിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. മഹാരാജാവിന്റെ 1948 മാർച്ച് 24ലെ വിളംബര പ്രകാരം പ്രതിനിധി സമിതിയെ ‘ലെജിസ്ലേറ്റീവ് അസംബ്ലി (നിയമസഭ)’ ആയിക്കൂടി അംഗീകരിച്ചു. അന്ന് പട്ടം താണുപിള്ള ‘പ്രധാനമന്ത്രി’യും ടി.എം. വർഗീസും സി.കേശവനും മന്ത്രിമാരുമായി മന്ത്രിസഭ രൂപീകരിച്ചു. കൊട്ടാരം, രാജകുടുംബം, ദേവസ്വം ഒഴികെയുള്ള വകുപ്പുകൾ ജനകീയ സർക്കാരിനു വിട്ടുകൊടുത്തു. ഡെപ്യൂട്ടി പ്രസിഡന്റായി ജി. ചന്ദ്രശേഖര പിള്ളയെ ഏപ്രിൽ 21ന് തിരഞ്ഞെടുത്തു.

ഈ നിയമസഭ 1948 ജൂൺ 2–നാണ് ആദ്യമായി സമ്മേളിച്ചത്. ജൂൺ 5–ന് ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് 6 പേരെ തിരഞ്ഞെടുത്തു. ജൂലൈ 13ന് 4 പേർ കൂടി മന്ത്രിസഭയിൽ ചേർന്നു.  പട്ടം താണുപിള്ള രാജിവച്ചതിനെ തുടർന്ന് ഒക്ടോബർ 22ന് പറവൂർ ടി.കെ. നാരായണ പിള്ള ‘പ്രധാനമന്ത്രി’യായി.

പ്രതിനിധി സമിതി ഒരേസമയം ഭരണഘടനാ നിർമാണസഭയായും നിയമസഭയായും പ്രവർത്തിച്ചു. ഇവയുടെ അവസാന യോഗങ്ങൾ യഥാക്രമം 1949 ഫെബ്രുവരി 12നും മാർച്ച് ഒന്നിനുമാണ് ചേർന്നത്. ആകെ 12, 36, ദിവസമാണ് സമ്മേളിച്ചത്. ഒരേ അംഗങ്ങൾ തന്നെയാണ് ഈ രണ്ടു സഭകളിലുമുണ്ടായിരുന്നത്.

കൊച്ചി മഹാരാജാവ് 1947 ആഗസ്‌റ്റ് 14ന് ഉത്തരവാദ ഭരണപ്രഖ്യാപനം നടത്തിയതോടെ അവിടെയും  പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി. ‘ലെജിസ്ലേറ്റീവ് കൗൺസിൽ’ (നിയമസമിതി), ‘ലെജിസ്ലേറ്റീവ് അസംബ്ലി’ (നിയമസഭ) ആയി. 1948 സെപ്‌റ്റംബർ 8, 11 തീയതികളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകരിച്ച കൊച്ചി നിയമസഭയിൽ 58 അംഗങ്ങളുണ്ടായിരുന്നു. ഇവരിൽ 5 പേർ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു.

തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ ഒന്നിനു ലയിച്ച് ‘തിരുവിതാംകൂർ–കൊച്ചി’ എന്ന ഒറ്റ സംസ്‌ഥാനമായിത്തീർന്നു. സംയോജനത്തിന്റെ ഫലമായുണ്ടായ തിരുവിതാംകൂർ–കൊച്ചി നിയമസഭയിൽ ഇരു സംസ്‌ഥാനങ്ങളിലെയും നിയമസഭകളിലെ 178 അംഗങ്ങൾ സാമാജികന്മാരായി. 

ഇക്കാലത്ത് മലബാർ ജില്ലയും കാസർകോട് താലൂക്കും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്നു. മലബാർ ഉൾപ്പെടെ അഖിലേന്ത്യാതലത്തിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ തിരഞ്ഞെടുപ്പ് 1951 – 1952 കാലത്തു നടന്നു. 53 അംഗ മണിപ്പുർ നിയമസഭയിലേക്ക്  1948 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പാണ് പ്രായപൂർത്തി വോട്ടവകാശ പ്രകാരം ആദ്യമായി നടന്നതെന്ന് ഒരു വാദമുണ്ടെങ്കിലും ഇതു ശരിയല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS