ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് അന്തിമ കൂടിയാലോചനകൾ നടത്താത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷനെ സമീപിക്കാൻ എ–ഐ വിഭാഗങ്ങളുടെ നീക്കം. പലയിടത്തും പട്ടികയോടു വിയോജിച്ചു ഗ്രൂപ്പ് യോഗങ്ങളും വിളിക്കാൻ തുടങ്ങി. എ വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. 

അതേസമയം, പരസ്യ പ്രതികരണങ്ങൾക്കു നേതാക്കൾ മുതിർന്നില്ല. ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അതിലേക്കു കടക്കുമെന്ന മുന്നറിയിപ്പാണു നൽകുന്നത്. എംപിമാരിലും എംഎൽഎമാരിലും ചിലരും അതൃപ്തിയിലാണ്. പട്ടികയുടെ കാര്യത്തിലെ ഭിന്നതയെ ഗ്രൂപ്പുകളുടെ എതിർപ്പായി ചുരുക്കരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. പുതിയ നേതൃത്വത്തോട് ഒട്ടി നിൽക്കുന്നവർ പദവികൾ കൈക്കലാക്കുന്ന രീതിയാണു ‌കാണുന്നതെന്നും ഇവർ ആരോപിക്കുന്നു. 

എല്ലാ തലത്തിലും ഉള്ള ചർച്ച പൂർത്തീകരിച്ച് ജനാധിപത്യപരമായി തയാറാക്കിയ പട്ടികയാണ് ഇതെന്ന നിലപാടിലാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. കോൺഗ്രസിന്റെ ഏതു പട്ടിക പുറത്തിറങ്ങുമ്പോഴുമുള്ള പരിമിതികളുടെ ഭാഗമായി ചിലർ കടന്നു കൂടിയിട്ടുണ്ടാകാം. എന്നാൽ 80 ശതമാനത്തിലേറെയും മികവിന്റെ അടിസ്ഥാനത്തിൽ വന്നവരാണെന്നു നേതൃത്വം പറയുന്നു.

ഉയരുന്ന പരാതികളും നേതൃത്വത്തിന്റെ മറുപടിയും

പരാതി: മതിയായ ചർച്ചകൾ നടന്നില്ല. നേതാക്കളെ ഇരുട്ടിൽ നിർത്തി നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തു 

മറുപടി: എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ജില്ലാതല പുനഃസംഘടനാ സമിതിയിലും സംസ്ഥാനതല പുനഃസംഘടനാ സമിതിയിലും ചർച്ച നടന്നു. ആ വിശദ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പേരുകളാണു നേതൃത്വത്തിനു മുന്നിൽ എത്തിയത്

∙ സംസ്ഥാനതല പുനഃസംഘടനാ സമിതി ഏകകണ്ഠമായി നിർദേശിച്ച പേരുകളും നേതൃത്വം വെട്ടി. പകരം വേറെ ആളെ വച്ചു. പിന്നെ എന്തിനാണ് ഉപസമിതി രൂപീകരിച്ചത് 

∙ സംസ്ഥാനതല ഉപസമിതി ഏകകണ്ഠമായി നിർദേശിച്ച 170 പേരുകളിൽ വിരലിൽ എണ്ണാവുന്നവരെ മാത്രമാണു മാറ്റിയത്. അതു ജില്ലയിലെ സാമുദായിക സന്തുലനം പാലിക്കാനും മറ്റുമാണ്. 

∙ സംസ്ഥാനതല പുനഃസംഘടനാ സമിതിക്കും ഏകാഭിപ്രായത്തിൽ എത്താൻ കഴിയാതെ വന്ന 110 ബ്ലോക്കുകളുടെ കാര്യത്തിൽ എല്ലാ വിഭാഗം നേതാക്കളെയും വിശ്വാസത്തിലെടുത്തു തീരുമാനം എടുത്തില്ല. പരസ്പര വിശ്വാസത്തോടെ സംഘടനാ തീരുമാനങ്ങൾ എടുക്കണമെന്നാണു സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ തീരുമാനമായത്. അതു ലംഘിക്കപ്പെട്ടു. 

∙ തർക്കം ഉണ്ടായിരുന്ന 110 ബ്ലോക്കുകളുടെ കാര്യത്തിൽ ഓരോ ജില്ലയിലും ബന്ധപ്പെട്ട നേതാക്കളെ വിളിച്ചു സംസാരിച്ചു തന്നെയാണ് തീരുമാനം എടുത്തത്.

∙ അവസാനഘട്ട ചർച്ചകളിൽ മുൻ കെപിസിസി പ്രസിഡന്റുമാർ കൂടിയായ രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരെ കൂടി പങ്കെടുപ്പിക്കേണ്ടിയിരുന്നു. പൊതുധാരണയോടും ഐക്യത്തോടും ഇറങ്ങിയ പട്ടിക എന്ന പ്രതീതി അപ്പോൾ കൈവരുമായിരുന്നു 

∙ സംഘടനാ തീരുമാനങ്ങളുടെ കാര്യത്തിൽ അവസാന തീരുമാനം എല്ലാക്കാലത്തും കോൺഗ്രസിൽ എടുക്കുന്നതു കെപിസിസി പ്രസിഡന്റും നിയമസഭാകക്ഷി നേതാവും തന്നെയാണ്. ആ അധികാരം വിഭജിക്കാൻ കഴിയില്ല. നേരത്തെ അതിനു തരിമ്പും തയാറാവാത്തവരാണ് ഇപ്പോൾ ഈ വിമർശനം ഉന്നയിക്കുന്നത്. 

∙ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിലവിലുളള പട്ടികയിൽ ഉണ്ടായിരുന്ന പ്രാതിനിധ്യം എ–ഐ വിഭാഗങ്ങൾക്കു ലഭിച്ചില്ല. ഇരു വിഭാഗങ്ങളെയും വെട്ടിയൊതുക്കി. ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുമ്പോഴും പുതിയ നേതൃത്വത്തിന് ഒപ്പം നിൽക്കുന്നവരാണു പരിഗണിക്കപ്പെടുന്നത്. 

∙ ഐ വിഭാഗത്തിന്റെ കുത്തകാവകാശം ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് അല്ല. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന പലരും പുതിയ നേതൃത്വത്തിന് ഒപ്പമാണ്. എ വിഭാഗത്തിലും കൊഴിച്ചിൽ ഉണ്ടായിട്ടുണ്ട്. ആ യാഥാർഥ്യം ഇരു വിഭാഗങ്ങളും ഉൾക്കൊള്ളുന്നില്ല. പട്ടികയിൽ മതിയായ പ്രാതിനിധ്യം ഇരുകൂട്ടർക്കും ഉണ്ട്. 

∙ എംപിമാരുടെയും എംഎൽഎമാരുടെയും നിർദേശങ്ങൾ പോലും പരിഗണിക്കപ്പെട്ടിട്ടില്ല 

∙ ഏറ്റവും മുൻഗണന നൽകിയത് എംപിമാരുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾക്കാണ്. 

English Summary : Congress block list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com