ADVERTISEMENT

കൽപറ്റ∙ യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് 2019ൽ റജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2015-2018 കാലയളവിൽ 42 വായ്പകളിലായി ആകെ 5.62 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ബാങ്ക് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.കെ.ഏബ്രഹാം, സേവാദൾ ജില്ലാ വൈസ് ചെയർമാനും ഏബ്രഹാമിന്റെ അടുപ്പക്കാരനുമായ കൊല്ലപ്പള്ളി സജീവൻ തുടങ്ങിയവരുൾപ്പെടെ 10 പേരാണു പ്രതികൾ. 38 വായ്പകളിലായി 8.33 കോടി രൂപയുടെ തട്ടിപ്പു നടന്നതായി നേരത്തേ സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. 

അതിനിടെ, വായ്പാത്തട്ടിപ്പു കേസിൽ റിമാൻ‍‍ഡിലായ കെ.കെ.ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചയോടെയാണു രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇ മെയിലിൽ അയച്ചത്. പാർട്ടിക്കു പ്രയാസം സൃഷ്ടിച്ചതിൽ ഖേദമുണ്ടെന്നും, നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അതുവരെ മാറിനിൽക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു.

ഏബ്രഹാം സ്വമേധയാ രാജിവച്ചതിനാലും പൊലീസിന്റെയും സഹകരണ വകുപ്പിന്റെയും അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനാലും പാർട്ടി അന്വേഷണം പിന്നീടാകാമെന്ന നിലപാടിലാണു കെപിസിസി നേതൃത്വം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽനിന്ന് കെ.കെ.ഏബ്രഹാമിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ജാമ്യാപേക്ഷ അടുത്ത ദിവസം സമർപ്പിക്കും. കർഷകരുടെ പേരിലെടുത്ത 1.64 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ കൊല്ലപ്പള്ളി സജീവനു വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.

English Summary: Pulpally co-operative bank fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com