ADVERTISEMENT

പത്തനംതിട്ട ∙ പുതിയ ട്രെയിനുകൾ സംബന്ധിച്ചു തീരുമാനമെടുക്കുന്ന ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി യോഗം ഈ മാസം അവസാനവാരം സെക്കന്ദരാബാദിൽ നടക്കും. ദക്ഷിണ മധ്യ റെയിൽവേയാണു യോഗത്തിന് ആതിഥ്യം വഹിക്കുന്നത്. മുൻ വർഷങ്ങളിലെ യോഗങ്ങളിൽ അംഗീകരിച്ച ട്രെയിനുകൾ പോലും കേരളത്തിനു ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തവണയും യോഗം പ്രഹസനമാകുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്തു നിന്നു മുംബൈ, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കു പുതിയ ട്രെയിനുകളും എറണാകുളം–ചെന്നൈ, കണ്ണൂർ–ബെംഗളൂരു, തിരുവനന്തപുരം–ബെംഗളൂരു പുതിയ വന്ദേഭാരത് ട്രെയിനുകളുമാണു കേരളം പ്രതീക്ഷിക്കുന്നത്.  

മുൻപ് അംഗീകരിച്ച മംഗളൂരു–രാമേശ്വരം, എറണാകുളം–വേളാങ്കണ്ണി, കൊല്ലം–തിരുപ്പതി ട്രെയിനുകൾ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും പാലക്കാട്–തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും നീട്ടുന്നതിനുള്ള ശുപാർശയും നടപ്പായിട്ടില്ല. 

മലബാറിൽ നിന്നു തലസ്ഥാനത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ അടിയന്തരമായി പുതിയ രാത്രികാല ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വൈകിട്ട് 6.15ന് ശേഷം മണിക്കൂറുകളോളം മംഗളൂരുവിൽ നിന്നു കോട്ടയം ഭാഗത്തേക്കു പ്രതിദിന ട്രെയിനില്ലാത്തതാണു യാത്രാക്ലേശം രൂക്ഷമാക്കുന്നത്. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്കു പ്രതിദിന ട്രെയിൻ എന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചുവേളിയിലും കോട്ടയത്തും പുതിയതായി 2 പ്ലാറ്റ്ഫോമുകളും എറണാകുളത്ത് അറ്റകുറ്റപ്പണിക്കുള്ള പുതിയ പിറ്റ്‌ലൈനും കമ്മിഷൻ ചെയ്തിട്ടും കേരളത്തിനു പുതിയ ട്രെയിനുകൾ കിട്ടുന്നില്ലെന്ന പരാതിയാണു യാത്രക്കാർ ഉന്നയിക്കുന്നത്.

English Summary : Railway time table meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com