കൊച്ചി ∙ പെപ്സികോ വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ സുപ്രധാന പദവികൾ വഹിച്ച സംരംഭകൻ പത്തനംതിട്ട ഇലന്തൂർ ചേനപ്പാടിയിൽ ഈപ്പൻ ജോർജ് (71) യുഎസിലെ കലിഫോർണിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കോട്ടയം പള്ളിപ്പീടികയിൽ കുടുംബാംഗം സൂസൻ ഈപ്പൻ (യുഎസ്എ). മക്കൾ: ജോർജ് ഈപ്പൻ (ലണ്ടൻ), മറിയം (യുഎസ്എ). മരുമക്കൾ: റേയ്ച്ചൽ ജോർജ് (ലണ്ടൻ), സ്കോട്ട് കോസ്റ്റർ (യുഎസ്എ).
കലിഫോർണിയയിലെ സാന്തിയാഗോ ആസ്ഥാനമായ ഡിസൈൻ – ഇന്നവേഷൻ കമ്പനിയായ റൗണ്ട് ഫെതർ എൽഎൽസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു ജോർജ് ഈപ്പൻ. എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ബിരുദധാരിയായ അദ്ദേഹം എവിടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മക്‌കോർമിക് ആൻഡ് കമ്പനി വൈസ് പ്രസിഡന്റ്, പെപ്സികോ ഇന്നവേഷൻ ആൻഡ് ഡിസൈൻ വിഭാഗം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. 1995 – 96 ൽ മക്‌കോർമിക് ആൻഡ് കമ്പനി വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം യുഎസിലേക്കു ചേക്കേറി. പെപ്സികോയിൽ 17 വർഷം പ്രവർത്തിച്ച അദ്ദേഹം 2013 ൽ ഇന്നവേഷൻ വിഭാഗം വൈസ് പ്രസിഡന്റായാണു വിരമിച്ചത്. പെപ്സികോയുടെ വിഖ്യാത ബ്രാൻഡ് ആയ ‘ലേയ്സ്’ വികസനത്തിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.
‘വനിത’ ദ്വൈവാരികയുമായി സഹകരിച്ചു രൂപീകരിച്ച ‘എവിടി വനിത ഓർക്കിഡ്’ കാർഷിക സംരംഭം കേരളത്തിൽ പുഷ്പ കൃഷി മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനു വഴിതെളിച്ചു. ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയുടെ കൃഷി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഇറക്കുമതി ചെയ്തും ടിഷ്യു കൾചർ രീതിയിലൂടെയും വ്യത്യസ്ത ഇനങ്ങൾ അവതരിപ്പിച്ചു. പിൽക്കാലത്ത് ഓർക്കിഡ്, ആന്തൂറിയം കയറ്റുമതിയുടെ പ്രമുഖ കേന്ദ്രമായി കേരളം മാറുകയും ചെയ്തു.
English Summary : Eapen george passes away