ADVERTISEMENT

തിരുവനന്തപുരം∙ കണക്‌ഷനുകളുടെ കാര്യത്തിൽ പറഞ്ഞ വാഗ്ദാനം പൂർണമായി പാലിക്കാനായില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) നാളെ മുതൽ പ്രവൃത്തിപഥത്തിൽ. നാളെ 4നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതോടൊപ്പം സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങി 30,000 ത്തോളം വരുന്ന സർക്കാർ സ്ഥാപനങ്ങളിലും കെഫോൺ വഴി ഇന്റർനെറ്റ് എത്തും.

പറഞ്ഞതു 14000, എത്തിയതു പകുതി

20 ലക്ഷത്തോളം വീടുകളിൽ സൗജന്യ കണക്‌ഷൻ എന്ന വാഗ്ദാനത്തോടെയാണു കെ ഫോൺ പദ്ധതി തുടങ്ങിയത്. പിന്നീട് ഈ ലക്ഷ്യം ആദ്യഘട്ടത്തിൽ 14000 വീട് എന്നാക്കി. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടു വീതം. ഇതിൽ 7000 വീടുകളിലാണു കേബിൾ സ്ഥാപിച്ചത്. കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ മാത്രം. 30000 സർക്കാർ ഓഫിസുകളിൽ 26492 ഓഫിസുകളിലാണു കേബിൾ സ്ഥാപിച്ചത്. കണക്‌ഷൻ എത്തിച്ചതാകട്ടെ 17354 ഓഫിസിൽ. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രാസ്ട്രക്ചർ കെ ഫോണിനുണ്ട്. 20 എംബിപിഎസ് ആണ് ഇന്റർനെറ്റ് വേഗം. മൂന്നു മാസത്തിനകം വാണിജ്യ കണക്‌ഷനുകളിലേക്കു കടക്കുമെന്നു െക ഫോൺ എംഡി ഡോ.സന്തോഷ്ബാബു പറഞ്ഞു.

ബ്രെയിൻ കൊച്ചിയിൽ

കൊച്ചി ഇൻഫോപാർക്കിൽ സജ്ജമാക്കിയ നെറ്റ്‌വർക് ഓപ്പറേറ്റിങ് സെന്ററാണു കെ ഫോണിന്റെ തലച്ചോറെന്നു വിശേഷിപ്പിക്കാവുന്ന സെന്റർ ഹബ്. ഇവിടെ നിന്ന് 376 കെഎസ്ഇബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) കേന്ദ്രങ്ങൾ വഴിയാണ് ഇന്റർനെറ്റ് എത്തിക്കുക. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സർക്കാർ ഓഫിസുകളിൽ സേവനങ്ങൾക്കായി എത്തുന്നവർക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വർക്കും കെ ഫോൺ സജ്ജമാക്കുന്നുണ്ട്. 

ബിസിനസ് കണ്ടെത്താനായി മാനേജ്ഡ് സർവീസ് പ്രൊവൈഡറെ കമ്മിഷൻ അടിസ്ഥാനത്തിൽ കെ ഫോൺ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1500 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കെഎസ്ഇബി എന്നിവർ ചേർന്നു കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കിയത്.

ആപ്പ് വഴി കണക്‌ഷനെടുക്കാം

ഉദ്ഘാടനത്തിനു ശേഷം കെ ഫോൺ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്‌ഷൻ എടുക്കാൻ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. തുടർന്ന് ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു ബന്ധപ്പെടും. കണക്‌ഷൻ നൽകാൻ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡർമാരെ ഏൽപിക്കും.

English Summary: Kfon inauguration on monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com