ADVERTISEMENT

തിരുവനന്തപുരം∙ ജനങ്ങൾക്ക് ഉപകാരമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോൾ അവരെ കൊഞ്ഞനംകുത്തുന്നതു പ്രതിപക്ഷ നേതാവാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെ ഫോൺ പദ്ധതിയുടെ സമർപ്പണച്ചടങ്ങിലാണ്, ചടങ്ങു ബഹിഷ്കരിക്കുകയും അഴിമതിയാരോപണമുന്നയിച്ചു വാർത്താ സമ്മേളനം നടത്തുകയും ചെയ്ത വി.ഡി.സതീശനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. എന്തിനെയും എതിർക്കുന്ന പരിതാപകരമായ മാനസികാവസ്ഥയിലാണു പ്രതിപക്ഷ നേതാവെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ കൊല്ലുന്ന പദ്ധതിയെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആരെങ്കിലും ഒരാൾ വകതിരിവില്ലാതെ വിളിച്ചു പറഞ്ഞതാണെന്നു കരുതാൻ കഴിയില്ല. ജനങ്ങളെ കൊഞ്ഞനംകുത്തുന്ന പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അത് അദ്ദേഹം സ്വയം ഏറ്റെടുത്താൽ മതി. ഉദ്ഘാടനച്ചടങ്ങ് ധൂർത്താണെന്നു നട്ടാൽ കുരുക്കാത്ത നുണ പറയുന്നു. ധൂർത്തെന്നു പറഞ്ഞാൽ അഴിമതിയെന്നു കൂടി ഒപ്പം പറയണമെന്നാണു ചിന്ത.

പെൻഷൻ പോലും കൊടുക്കാതെ ധൂർത്തടിക്കുന്നുവെന്നാരോപിക്കുന്നതു പെൻഷൻ മുടക്കാൻ പല വഴിയും നോക്കിയവരാണ്. നിലവാരമില്ലാത്ത കേബിളാണെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? കുടിൽ വ്യവസായത്തിലെ ഉൽപന്നം പോലും ഓൺലൈനിൽ വിൽക്കുന്ന ഇക്കാലത്ത് അപരിഷ്കൃത ചിന്തകളുമായി നടക്കുന്നവർ നാടിനെ പിന്നോട്ടടിക്കുകയാണ്. ഈ ഇടുങ്ങിയ മനസ്സിന്റെ ഉടമകളെ എങ്ങനെ കാണണമെന്നു ജനം തീരുമാനിക്കട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആർ.ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എംഎൽഎ, ഐടി സെക്രട്ടറി ഡോ.യു.രത്തൻ ഖേൽക്കർ, കെ ഫോൺ എംഡി ഡോ.സന്തോഷ് ബാബു, ജിഎം മോസസ് രാജ്കുമാർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കര സുബ്രഹ്മണ്യം, ടെലികോം മന്ത്രാലയത്തിലെ ഡിഡിജി വി.ശോഭന എന്നിവർ പ്രസംഗിച്ചു.

പാർട്ടി സെക്രട്ടറിയെത്തി, സ്പീക്കറില്ല

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച കെ ഫോൺ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ പങ്കെടുത്തില്ല. സദസ്സിന്റെ ഭാഗമാകാനുള്ള ക്ഷണക്കത്താണു സ്പീക്കർക്കു നൽകിയിരുന്നത്. ചടങ്ങിൽ പങ്കാളിത്തമുണ്ടായിരുന്നില്ല. അതേസമയം, സർക്കാരിന്റെ പരിപാടിക്കു നിയമസഭയുടെ ഹാൾ ഉപയോഗിച്ചു എന്നേയുള്ളൂവെന്നും സ്പീക്കറെ പങ്കെടുപ്പിക്കണമെന്ന പ്രോട്ടോക്കോൾ ഇല്ലെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

അടുത്ത ദിവസത്തെ അമേരിക്കൻ യാത്രയുടെ ചില ആവശ്യങ്ങൾക്കായി സ്പീക്കർ ഓഫിസിനു പുറത്തായിരുന്നതിനാലാണു പങ്കെടുക്കാതിരുന്നതെന്നും ഇക്കാര്യത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും ഓഫിസ് വിശദീകരിച്ചു. എംഎൽഎ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സദസ്സിലുണ്ടായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പദ്ധതിയുടെ മാനേജ്ഡ് സർവീസ് പ്രൊവൈഡർ ആയി തിരഞ്ഞെടുക്കപ്പെട്ട എസ്ആർഐടി കമ്പനിയുടെ സിഇഒ അടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു.

English Summary: Chief Minister Pinarayi Vijayan against opposition leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com