ADVERTISEMENT

തിരുവനന്തപുരം∙ അയലയും മത്തിയും ചൂരയും ഉൾപ്പെടെ 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ കേരളത്തിന്റെ സമുദ്രമേഖലയിൽ നിന്നു പിടിക്കുന്നതിനുള്ള നിരോധനം മൂന്നു മാസത്തേക്കു കൂടി നീട്ടി. 2017ൽ തുടങ്ങിയ നിരോധനത്തിന്റെ പ്രയോജനം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ വിജ്ഞാപനം.

ടൺ കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ യന്ത്രവൽകൃത ബോട്ടുകളിൽ പിടികൂടി സംസ്ഥാനത്തിനു പുറത്തെ മത്സ്യത്തീറ്റ പ്ലാന്റുകളിലേക്കു കൊണ്ടുപോകുന്നതു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നിരോധനം. കേരളത്തിലെ സമുദ്രമത്സ്യത്തിന്റെ വാർഷിക ഉൽപാദനം 6 ലക്ഷം ടണ്ണിൽനിന്ന് 4 ലക്ഷം ടണ്ണിലേക്ക് ഈ ഘട്ടത്തിൽ കൂപ്പുകുത്തിയിരുന്നു. കേരള മറൈൻ ഫിഷിങ് റഗുലേഷൻ നിയമം ഭേദഗതി ചെയ്താണു കേരളം നിരോധനം കൊണ്ടുവന്നത്. ഓരോ ഇനത്തിലും നിശ്ചിത വലുപ്പത്തിൽ താഴെയുള്ളവ പിടിക്കാൻ പാടില്ലെന്നാണു നിബന്ധന. ആദ്യഘട്ടത്തിൽ 14 ഇനമായിരുന്നു പട്ടികയിലെങ്കിൽ, പിന്നീട് കൂടുതൽ ഇനങ്ങളെ ഉൾപ്പെടുത്തി. അഞ്ചുവർഷത്തേക്കുള്ള നിരോധനത്തിന്റെ കാലാവധി 2022 മേയിൽ അവസാനിച്ചപ്പോൾ ഒരു വർഷത്തേക്കു നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയത്. 

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ധ സമിതിയാണു നിരോധനത്തിന്റെ ഫലത്തെക്കുറിച്ചു പഠനം നടത്തുന്നത്. മൂന്നു മാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിരോധനത്തിന്റെ ഭാവി. എണ്ണം വർധിച്ചെന്നു കണ്ടെത്തിയാൽ അങ്ങനെയുള്ളവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കും. 2022ൽ കേരളത്തിലെ സമുദ്രമത്സ്യ ഉൽപാദനം 6 ലക്ഷം ടണ്ണിലേക്കു തിരിച്ചെത്തിയതു ശുഭസൂചനയാണ്. ദേശീയതലത്തിൽ ഈ വിഭാഗത്തിൽ കേരളത്തിന്റെ വിഹിതം 13 ശതമാനമാണ്. ഈ മേഖലയിൽ കേരളത്തിന്റെ കയറ്റുമതിയാകട്ടെ 5000 കോടി രൂപയുടേതും. മത്സ്യങ്ങളുടെ പ്രജനന കാലത്ത് അവയുടെ പ്രകൃതിദത്തമായ ഭക്ഷ്യശൃംഖല നിലനിർത്താൻ പതിവായി ഏർപ്പെടുത്തുന്ന ട്രോളിങ് നിരോധനം കേരളത്തിൽ വെള്ളിയാഴ്ച തുടങ്ങാനിരിക്കുകയാണ്. 

∙ നിരോധിച്ചവയിൽ പ്രധാനപ്പെട്ടവ:

മത്തി, അയല, കേര ചൂര, ഉരുളൻ ചൂര, പാമ്പാട, വരയൻ ചൂര, തിരിയൻ ചാമ്പൻ, നെയ്മീൻ, നെയ്മീൻ ചൂര, മോത, മാന്തൽ, കിളിമീൻ, വെള്ള ആവോലി, തിരണ്ടി, പാൽ സ്രാവ്, കാവലൻ ‍‍ഞണ്ട്, പൂവാലൻ ചെമ്മീൻ, കൂന്തൽ, പരവ, കള്ളി കക്ക, കറുത്ത കക്ക...

English Summary : Fishing ban for 58 type fishes for three months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com