ADVERTISEMENT

തിരുവനന്തപുരം∙ ലോക കേരളസഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ച നാലു പ്രബന്ധങ്ങളിലൊന്ന് അവതരിപ്പിക്കുക ജോൺ ബ്രിട്ടാസ് എംപി. മേഖലാ സമ്മേളനത്തിനുള്ള സർക്കാരിന്റെ ഔദ്യോഗിക സംഘത്തിൽ സിപിഎമ്മിന്റെ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് അംഗമല്ലെന്നിരിക്കെയാണു പ്രബന്ധാവതരണം അദ്ദേഹത്തെ ഏൽപിച്ചത്. ‘നവകേരളം എങ്ങോട്ട്: അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണസാധ്യതകളും’ എന്ന വിഷയമാണു സർക്കാരിനു വേണ്ടി ബ്രിട്ടാസ് അവതരിപ്പിക്കുക. സർക്കാർ സംഘത്തിന്റെ ഭാഗമായല്ല, ന്യൂയോർക്കിലെ പ്രാദേശിക സംഘാടക സമിതി ക്ഷണിച്ചിട്ടാണു ബ്രിട്ടാസ് പങ്കെടുക്കുന്നതെന്നു സംഘാടക സമിതി തന്നെ വ്യക്തമാക്കിയിരുന്നു. മേഖലാ സമ്മേളനം നടക്കുന്ന 10ന് പ്രധാന പരിപാടി നാലു പ്രബന്ധങ്ങളുടെ അവതരണമാണ്.

മറ്റു മൂന്നു പ്രബന്ധങ്ങളും അവതരിപ്പിക്കുന്നതു സർക്കാരിന്റെ ഭാഗമായവരാണ്. ‘മലയാള ഭാഷ, സംസ്കാരം– പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും’ എന്ന വിഷയം ചീഫ് സെക്രട്ടറി വി.പി.ജോയിയും ‘മലയാളികളുടെ അമേരിക്കൻ കുടിയേറ്റം– ഭാവിയും വെല്ലുവിളികളും’ എന്ന വിഷയം ലോകകേരള സഭ ഡയറക്ടർ കെ.വാസുകിയും അവതരിപ്പിക്കും. ‘അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും വിപുലീകരണ സാധ്യതകൾ’ എന്ന വിഷയം അവതരിപ്പിക്കുന്നതു നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനാണ്. പ്രബന്ധങ്ങളിൻമേലുള്ള ചർച്ചകൾക്കു വൈകിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതോടെ മേഖലാ സമ്മേളനം പൂർത്തിയാകും.

English Summary : John Brittas may present a dissertation in Lok Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com