ADVERTISEMENT

കമ്പം (തമിഴ്നാട്) ∙ ചിന്നക്കനാലിൽ ഒന്നരമാസത്തെ ആസൂത്രണം; തമിഴ്നാട്ടിൽ വെറും 10 ദിവസം. ചിന്നക്കനാലിൽ ചക്കക്കൊമ്പനെയും മറ്റു കാട്ടാനകളെയും തുരത്തിയാണ് അരിക്കൊമ്പനെ പിടിക്കാൻ കേരള വനംവകുപ്പ് തയാറെടുത്തത്. ചിന്നക്കനാലിലെ ഭൂപ്രകൃതിയും അടിക്കടിയുണ്ടായ നിയമപ്രശ്നങ്ങളും കേരളത്തിലെ അരിക്കൊമ്പൻ മിഷൻ വൈകുന്നതിനു കാരണമായി.

തമിഴ്നാട്ടി‍ൽ കമ്പത്തെ നിരപ്പുള്ള പ്രദേശത്ത് അരിക്കൊമ്പന് ഓടിയൊളിക്കാൻ അവസരം കിട്ടിയില്ല. മിനിയാന്നു പൗർണമിയായിരുന്നതിനാൽ നിലാവെളിച്ചവും ആനയെ കണ്ടെത്തൽ എളുപ്പമാക്കി.

അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ മയക്കുവെടി വച്ചശേഷം കുങ്കിയാന ഉദയൻ ലോറിയിലേക്ക് ഇടിച്ചു കയറ്റുന്നു.

തമിഴ്നാട് മേഘമല വന്യജീവി സങ്കേതത്തിലെ ഡപ്യൂട്ടി ഡയറക്ടർ എസ്.ആനന്ദിനായിരുന്നു ഇന്നലത്തെ ദൗത്യത്തിന്റെ ചുമതല. ചിന്നമണ്ണൂർ റേഞ്ച് ഓഫിസർ ടി.ശിവാജി, മെഡിക്കൽ സംഘ തലവൻ ഡോ. പ്രകാശ്, ഡോ. വിജയരാഘവൻ, ഡോ. രാജേഷ്, ഡോ. കലൈവാണൻ എന്നിവരും ഇരുനൂറിലധികം വനം വകുപ്പ് ജീവനക്കാരും ദൗത്യത്തിന്റെ ഭാഗമായി.

അരിക്കൊമ്പനെ ലോറിയിൽ കയറ്റിയ ഉടൻ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ചു. തുമ്പിക്കൈയിലെ മുറിവിനു മരുന്നു വച്ചിട്ടാണു വാഹനം പുറപ്പെട്ടത്. ചിന്നക്കനാലിലേതുപോലെ വലിയ വാഹനവ്യൂഹം അകമ്പടിക്കുണ്ടായിരുന്നില്ല.

ഇടയ്ക്കു കുറച്ചു സമയം വാഹനം നിർത്തിയിട്ടു. വെയിൽ ശക്തമായതോടെ കോവിൽപെട്ടിയിലും തിരുനെൽവേലിയിലും നിർത്തി വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിച്ചാണു യാത്ര തുടർന്നത്.

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിൽ പ്രദേശവാസികൾ ഇന്നലെ വൈകിട്ട് സൂര്യനെല്ലി - ബോഡിമെട്ട് റോഡ് ഉപരോധിച്ചപ്പോൾ.

തിരികെയെത്തിക്കാൻ റോഡ് ഉപരോധം

അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെയെത്തിക്കണമെന്നും ഇന്നലെ ആവശ്യമുയർന്നു. ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിലെ പ്രദേശവാസികൾ ഈ ആവശ്യമുന്നയിച്ച് സൂര്യനെല്ലി - ബോഡിമെട്ട് റോഡ് ഉപരോധിച്ചു. നൂറിലധികം ആദിവാസി കുടുംബങ്ങളാണ് ചെമ്പകത്തൊഴുക്കുടിയിലുള്ളത്. അരിക്കൊമ്പന്റെ ശാപം ഗ്രാമത്തിന്റെ ഐശ്വര്യം ഇല്ലാതാക്കുമെന്നാണ് ഇവരുടെ പേടി.

English Summary : Kerala take one and half month to catch Arikomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com