ADVERTISEMENT

കൊല്ലം ∙ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് വേദനകളെല്ലാം മനസ്സിലൊതുക്കി സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചുമായിരുന്നു സുധിയുടെ ജീവിതം.

സുധിയും മൂന്നു സഹോദരങ്ങളും ജനിച്ചതു കൊച്ചിയിലാണ്. എങ്കിലും വളർന്നതും പേരെടുത്തതും കൊല്ലത്തു വന്നതിനു ശേഷം. നഗരത്തിലെ വാളത്തുംഗൽ ബോയ്സ് സ്കൂളിലെ വേദികളിൽ നിന്നാണ് ചിരിയുടെ ലോകത്തേക്കു യാത്രയുടെ തുടക്കം. ആദ്യം പാട്ടിലാണു വേദി കീഴടക്കിയത്. പിന്നീടു പാട്ടിനൊപ്പം ഹാസ്യവും വഴങ്ങുമെന്നു തെളിയിച്ചു. 

സഹോദരൻ സുനിലും സുധിക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ കൂടുമായിരുന്നു.  മക്കൾക്കു പിന്തുണയുമായി കൂടെ പിതാവ് ശിവദാസ് എന്നുമുണ്ടായിരുന്നു. സഹോദരി സിബി; ഇളയ സഹോദരൻ സുഭാഷ് ചെറുപ്പത്തിലേ മരിച്ചു. അമ്മ ഗോമതി. റവന്യു വിഭാഗത്തിൽ ജോലിക്കാരനായിരുന്നു പിതാവ് ശിവദാസ്. 

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണു സുധി വളർന്നത്. ഷോബി തിലകന്റെ സംഘത്തിനൊപ്പമാണ് ആദ്യകാലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്. വിവിധ ചാനലുകളിൽ ഹാസ്യപരിപാടി അവതരിപ്പിച്ചതിലൂടെയാണ് കൊല്ലം സുധിയെ ലോകം അറിഞ്ഞത്. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും. 

16 വർഷം മുൻപായിരുന്നു ആദ്യവിവാഹം, അതും പ്രണയിച്ച്. ആ ദാമ്പത്യം അധികകാലം നീണ്ടില്ല. മകൻ രാഹുൽദാസിന് ഒന്നര വയസ്സായപ്പോൾ മകനെയും സുധിയെയും ഉപേക്ഷിച്ച് അവർ പോയി. ആ സംഭവം ഹൃദയം തകർത്തെന്ന് സുധി തന്നെ ഒരു ചാനൽ ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. ചാനലിൽ ഇക്കഥ പറയുന്നതിനു മുൻപു അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു മാത്രമാണു സുധിയുടെ ജീവിതകഥ അറിയാമായിരുന്നത്. പിന്നീട് കൈക്കുഞ്ഞുമായി വേദികളിൽ പോയി. മകനെ പിന്നണിയിൽ ഉറക്കിക്കിടത്തി സുധി വേദികളിൽ നാട്ടുകാരെ ചിരിപ്പിച്ചു. 

4 വർഷം മുൻപാണ് രേണുവിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഋതുൽ എന്ന മകനുമുണ്ട്. സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയപ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മരണവുമായി വിധിയെത്തിയത്. 

English Summary : Kollam Sudhi forget his sorrows and made laugh to audience on stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com