കോട്ടയം ∙ പ്രിയപ്പെട്ടവരുടെ ചിരി മായ്ച്ച് കൊല്ലം സുധി യാത്രയായി. വാഹനാപകടത്തിൽ മരിച്ച നടനും ടിവി – സ്റ്റേജ് ഷോ കലാകാരനുമായ കൊല്ലം സുധിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് 4നു തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടന്നു.
പൊങ്ങന്താനം പന്തിരുപറ വീട്ടിൽ രാവിലെ 9 മുതൽ ഒരു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനു വച്ചു. സുധിയുടെ മകൻ ഋതുൽ പഠിക്കുന്ന പൊങ്ങന്താനം എംഡി യുപി സ്കൂളിലും വാകത്താനം സെന്റ് മാത്യൂസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു സൗകര്യമൊരുക്കി. ഇവിടെയെല്ലാം പ്രിയതാരത്തിന് അന്തിമോപചാരം അർപ്പിക്കാൻ വൻജനാവലിയെത്തി.

മിമിക്രി– സിനിമ രംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. പ്രളയസമയത്തു സ്കൂളിലെ ക്യാംപിൽ സുധി സഹായവുമായെത്തിയത് വാകത്താനം പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊങ്ങന്താനം സ്കൂളിലെ അധ്യാപകരും പിടിഎ അംഗങ്ങളും ഓർമിച്ചു.
സുധിയെ സ്യൂട്ടും പാന്റ്സും ധരിപ്പിച്ച് അന്ത്യയാത്രയ്ക്കായി കിടത്തിയപ്പോൾ, ‘സുധിയേട്ടൻ പുതുവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതെന്തിന്’ എന്നു ചോദിച്ച് ഭാര്യ രേഷ്മ ഉറക്കെ കരഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ചു. പൊതുവേ പുതുവസ്ത്രങ്ങൾ അണിയാൻ താൽപര്യം കാണിക്കാത്തയാളായിരുന്നു സുധി എന്നു ബന്ധുക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു ഗവ. ചീഫ് വിപ് എൻ.ജയരാജ് അന്തിമോപചാരം അർപ്പിച്ചു.
Content Highlight: Kollam Sudhi