ADVERTISEMENT

കോഴിക്കോട്∙ ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പൊലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. 

എൻജിനിൽനിന്ന് അഞ്ചാമത്തെ ജനറൽ കംപാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ പറിച്ചെടുത്ത് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കംപാർട്ട്മെന്റിലേക്ക് പോയി. പിന്നീട് തിരിച്ച് അതേ കോച്ചിൽ‌ എത്തിയപ്പോൾ യാത്രക്കാരും ട്രെയിനിലുണ്ടായിരുന്ന ചില റെയിൽവേ ജീവനക്കാരും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. 

കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ റെയിൽവേ പൊലീസ് ചോദ്യംചെയ്തു വരികയാണ്. സംഭവത്തിൽ‌ ആർക്കും പരുക്കില്ലെന്നും ട്രെയിൻ സർവീസിനെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 

യാത്രക്കാരിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ച് പരാതി അറിയിച്ചതോടെയാണ് നടപടി ഊർജിതമാക്കിയത്. സച്ചിൻ പ്രമോദ് എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്നു കണ്ടെത്താനായിട്ടില്ല. സച്ചിന്റെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. മഹാരാഷ്ട്രയിൽ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചു ദിവസം മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു വിവരം ലഭിച്ചെന്നും മനോദൗർബല്യമുള്ള വ്യക്തിയാണെന്ന് സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary: Maharashtra native arrested for attempt to set fire in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com