ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യദിനം റോഡിലെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയത് 28,891 പേർ. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത്. 4776 പേർ. തിരുവനന്തപുരം 4362 പേർ. പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂർ (3995), പാലക്കാട് (1007), മലപ്പുറം (545), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയാണ് ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിയമലംഘനത്തിന് ക്യാമറയിൽപെട്ടവർ. 

രാവിലെ ഒൻപതിന് ആദ്യം കുടുങ്ങിയത് തിരുവനന്തപുരം നഗരത്തിലെ 3 പേരാണ്. 2 ബൈക്കുകളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുമാണ് ആദ്യ പിഴയീടാക്കിയത്. 

ആദ്യദിനം പകൽ 8 മണിക്കൂർ തിരക്കേറിയ സമയത്തു പോലും നിയമലംഘനത്തിന്റെ എണ്ണം കുറ‍ഞ്ഞത് നല്ല സൂചനയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 3ന് 1.93 ലക്ഷമായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങൾ. 

ഇന്നലെ ക്യാമറ കണ്ടെത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടു. ഇതുവരെ ബോധവൽക്കരണ നോട്ടിസ് ആണ് നിയമലംഘനം നടത്തിയവർക്ക് അയച്ചത്. ആദ്യമായി ചെലാൻ അയച്ചപ്പോഴാണ് സോഫ്റ്റ്‌വെയറിലെ പിഴവ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരുടെ ശ്രദ്ധയിൽ വന്നത്. വൈകിട്ടോടെ പരിഹരിച്ചു. 

എന്നാൽ, നിയമലംഘനം നടത്തിയത് കൺട്രോൾ റൂമിൽ സ്ഥിരീകരിച്ച് വാഹന ഉടമയ്ക്ക് എസ്എംഎസ് അയയ്ക്കുന്നത് ഇന്നലെ തുടങ്ങിയില്ല. എസ്എംഎസ് അയയ്ക്കുന്ന രീതി എന്താണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) അറിയിച്ച് അനുമതി വാങ്ങുന്ന നടപടികളിലെ താമസം മൂലമാണിത്. ഇന്ന് മുതൽ എസ്എംഎസ് അയയ്ക്കും. 

മൂന്നാമന്റെ ഉയരം നോക്കി ഒഴിവാക്കും

∙ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കണ്ടെത്തി പിഴ ഒഴിവാക്കുന്നതിന് ക്യാമറ സംവിധാനത്തിൽ തന്നെ മാറ്റങ്ങൾ വരുത്തും. സീറ്റിൽ നിന്നു നിശ്ചിത ഉയരത്തിനു മുകളിലുള്ള മൂന്നാമനു മാത്രമാകും പിഴയീടാക്കുക. ഇൗ ഉയരത്തിന് താഴെയുള്ളവരുടെ ചിത്രങ്ങൾ ക്യാമറ തന്നെ പരിശോധിച്ച് ഒഴിവാക്കും. 

12 വയസ്സിൽ താഴെയുള്ളവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതു നടപ്പാക്കുക പ്രായോഗികമായി അസാധ്യമായപ്പോഴാണ് ക്യാമറയുടെ സോഫ്റ്റ്്‌വെയറിൽ തന്നെ തൽക്കാലം മാറ്റം വരുത്തിയത്. ഇതിനു ശേഷം കൺട്രോൾ റൂം ടെക്നീഷ്യന് സ്വന്തം നിലയിൽ കൂടി ബോധ്യമായ ശേഷമേ മൂന്നാമത്തെയാൾക്കു പിഴയിടൂ.

English Summary :  Most people caught on road camera in first day from Kollam District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com