സിപിഎം വിഭാഗീയത: കുറ്റാരോപണ നോട്ടിസ് ലഭിച്ചത് ഇരുപതിലേറെപ്പേർക്ക്

HIGHLIGHTS
  • ഏരിയ കമ്മിറ്റികളിലേക്കു മത്സരിച്ചവരെല്ലാം വിഭാഗീയത കാട്ടിയെന്ന് വിലയിരുത്തൽ
cpm-logo
SHARE

ആലപ്പുഴ ∙ സിപിഎം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയുടെ പേരിൽ കുറ്റാരോപണ നോട്ടിസ് ലഭിച്ചത് എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ഇരുപതിലേറെപ്പേർക്ക്. ജില്ലയിലെ ഈ പ്രമുഖ നേതാക്കൾക്കെതിരെ വിഭാഗീയതയുടെ കുറ്റം കണ്ടെത്തിയത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 4 ഏരിയ കമ്മിറ്റികളുടെ പരിധിയിലാണു നടപടി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജൻ എംഎൽഎ, എം.സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ.സദാശിവൻ, വി.ബി.അശോകൻ, 3 ഏരിയ സെക്രട്ടറിമാർ തുടങ്ങിയവർ ഉൾപ്പെടെ വിശദീകരണം നൽകേണ്ടവരുടെ പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജുവും ടി.പി.രാമകൃഷ്ണനുമായിരുന്നു അന്വേഷണ കമ്മിഷൻ. ജില്ലയിൽ ഏരിയ കമ്മിറ്റികളിലേക്കു മത്സരിച്ചവരെല്ലാം വിഭാഗീയത കാട്ടിയെന്നാണ് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലെ വിലയിരുത്തൽ.

മത്സരങ്ങൾ ഒറ്റപ്പെട്ടതായിരുന്നില്ല, സംഘടിതമായിരുന്നു. മത്സരിക്കാൻ പാനൽ തയാറാക്കി വിതരണം ചെയ്തെന്ന കുറ്റവും ചിലർക്കെതിരെ കണ്ടെത്തി.ലോക്കൽ കമ്മിറ്റി അംഗങ്ങളുമായി വിഭാഗീയമായി കൂടിക്കാഴ്ച നടത്തി, അവരെ പ്രലോഭിപ്പിച്ചു മറ്റു ലോക്കൽ, ഏരിയ കമ്മിറ്റികളിൽ പോയി വിഭാഗീയമായി ഇടപെട്ടു തുടങ്ങിയ കുറ്റങ്ങളാണു മറ്റു ചിലർക്കെതിരെ കണ്ടെത്തിയത്. ആരോപിതർക്കു നോട്ടിസ് നൽകിയതോടെ റിപ്പോർട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നു വ്യക്തമായി. സംസ്ഥാന നേതൃത്വം നൽകിയ ലിസ്റ്റും നോട്ടിസും ജില്ലാ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ച്, കുറ്റാരോപിതരെ ഫോണിൽ വിളിച്ചുവരുത്തി നോട്ടിസ് കൈമാറുകയായിരുന്നു. 

എം.സത്യപാലന്റെ കേരള ബാങ്ക് സ്ഥാനവും നഷ്ടമാകും

വിഭാഗീയതയുടെ പേരിൽ സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചതിനു പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലന് കേരള ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗത്വം നഷ്ടമാകും. പ്രാഥമിക സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ട് അനുമതി നിഷേധിച്ചതാണു കാരണം.

സത്യപാലനെ മത്സരിപ്പിക്കാൻ അനുമതി തേടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കത്തയച്ചിരുന്നെന്നാണു വിവരം. ഇതു സംസ്ഥാന നേതൃത്വം തള്ളി. സത്യപാലൻ പ്രസിഡന്റായ കുമാരപുരം 1449ാം നമ്പർ സഹകരണ ബാങ്കിൽ മുൻപു ക്രമക്കേടു കണ്ടെത്തിയിരുന്നു. ഇതു പാർട്ടിയിൽ ചർച്ചയായി. മത്സരിക്കാൻ അനുമതി നിഷേധിച്ചതിന് ഇതും കാരണമാണെന്ന് അറിയുന്നു.

English Summary : Twenty people received notice in Alappuzha CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA