ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 3 വർഷ ബിരുദ പ്രോഗ്രാം ഈ അധ്യയന വർഷത്തോടെ അവസാനിക്കുമെന്നും സാധ്യമായ സ്ഥലങ്ങളിൽ 4 വർഷ ബിരുദം ഇക്കൊല്ലം തന്നെ തുടങ്ങുമെന്നും മന്ത്രി ആർ.ബിന്ദു അറിയിച്ചു. അടുത്തവർഷം എല്ലാ സർവകലാശാലകളിലും എല്ലാ കോളജുകളിലും 4 വർഷ ബിരുദ പ്രോഗ്രാമായിരിക്കും ഉണ്ടാവുക. പരമ്പരാഗത രീതിയിലുള്ള ബിരുദ പഠനം അതോടെ പൂർണമായി ഇല്ലാതാകും.

താൽപര്യമുള്ള സർവകലാശാലകൾക്ക് ഇക്കൊല്ലം തന്നെ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങാം. ഇതിൽ 3 വർഷത്തിനുശേഷം ബിരുദ സർട്ടിഫിക്കറ്റോടെ വേണമെങ്കിൽ പഠനം അവസാനിപ്പിക്കാം. 4 വർഷവും പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദമാകും ലഭിക്കുക. നാലാം വർഷം ഗവേഷണത്തിനാണു പ്രാധാന്യം. ഇടയ്ക്കു പഠനം നിർത്തുന്നവർക്കു വീണ്ടും പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം 3 വർഷ പ്രോഗ്രാമിൽ ചേരുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ അടുത്ത 2 വർഷത്തിനിടെ ഓപ്ഷൻ നൽകി 4 വർഷ പ്രോഗ്രാമിലേക്കു മാറാം. ഇതിന്റെ വ്യവസ്ഥകൾ സർവകലാശാലകൾ അറിയിക്കും. 4 വർഷ ബിരുദത്തിന്റെ ആദ്യ 2 സെമസ്റ്ററുകൾ ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. തുടർന്നാകും വിവിധ വിഷയങ്ങളിലേക്കു കടക്കുക. നിലവിൽ ഒരു വിഷയം മേജറായി എടുക്കുന്നതിനു പകരം രണ്ടോ മൂന്നോ വിഷയം മേജറായി പഠിക്കാം.

4 വർഷത്തിനുശേഷം ഓണേഴ്സ് നേടുന്നവർക്ക് പിഎച്ച്ഡിക്കോ പിജി രണ്ടാം വർഷത്തേക്കോ നേരിട്ടു പ്രവേശനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. അടുത്ത അക്കാദമിക് വർഷത്തോടെ പരമ്പരാഗത രീതിയിലും വിഷയങ്ങളിലും ഉള്ള ബിരുദ പഠനം കൂടിയാണ് പൂർണമായും ഇല്ലാതാവുക.

കേരള സർവകലാശാലയിൽ ഈ വർഷം മൂന്നോ നാലോ വിഷയങ്ങളിൽ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങുമെന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. പുതിയ പ്രോഗ്രാം ഇക്കൊല്ലം തുടങ്ങാനാകുന്ന സാഹചര്യമല്ലെന്നാണ് എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ നിലപാട്.

English Summary: Kerala to stop Three Year Degree Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com