ADVERTISEMENT

തിരുവനന്തപുരം ∙ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെ ഫോൺ) ഉദ്ഘാടനം ചെയ്തെങ്കിലും ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യക്കാരിലെത്താൻ ഒരു മാസത്തിലധികം സമയമെടുക്കും. കണക്‌ഷനു വേണ്ടിയുള്ള അപേക്ഷകൾ ജൂലൈയിലാണു പരിഗണിക്കുക. ഓരോ പ്രദേശത്തും കേബിൾ സ്ഥാപിച്ചു കണക്‌ഷൻ നൽകുന്നതിനു പ്രാദേശിക സേവനദാതാക്കളെയാണ് (കേബിൾ ടിവി ഓപ്പറേറ്റർമാർ) ഉപയോഗിക്കുന്നത്. ആറായിരത്തോളം സേവനദാതാക്കളെ എംപാനൽ ചെയ്യുന്നതിനാണു സമയമെടുക്കുന്നത്. ഫൈബർ ടു ദ് ഹോം അഥവാ എഫ്ടിടിഎച്ച് കണക്‌ഷനുകളാണു ജൂലൈ മുതൽ നൽകിത്തുടങ്ങുക. 

ഇൻസ്റ്റലേഷൻ സൗജന്യം

‘എന്റെ കെ ഫോൺ’ എന്ന പേരിൽ ഇന്നലെ മുതൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമായിട്ടുണ്ട്. ഇതിനകം അയ്യായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. ഇവ പ്രാദേശിക സേവനദാതാക്കൾക്കു കൈമാറും. ഇവരാണു വീടുകളിൽ കണക്‌ഷൻ നൽകുക. കേബിൾ സ്ഥാപിക്കുന്നതു കെ ഫോണിന്റെ ചെലവിലാണ്. ഉപയോക്താവു പണം നൽകേണ്ടതില്ല. ഉപയോക്താവു നൽകുന്ന മാസവാടകയുടെ 50% കെ ഫോൺ ഈ സേവനദാതാവിനു നൽകും. 

വാണിജ്യ സ്ഥാപനങ്ങൾക്കു കണക്‌ഷൻ നൽകാറായിട്ടില്ല. കെ ഫോണിനു ബിസിനസ് സംഘടിപ്പിച്ചുകൊടുക്കുന്നതിനുള്ള മാനേജ്ഡ് സർവീസ് പ്രൊവൈഡറായി എസ്ആർഐടിയെ നിയമിച്ചിട്ടുണ്ട്. ഇവർ വഴിയാണു വാണിജ്യ കണക്‌ഷൻ നൽകുക. ഓഗസ്റ്റോടെ ഇതിനു തുടക്കമാകും. വാണിജ്യ കണക്‌ഷന്റെ നിരക്കും അപ്പോൾ തീരുമാനിക്കും. 

വാടകയിനത്തിൽ ഈ വർഷം 200 കോടി

സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് എത്തിക്കുന്നതിന്റെ വാടക ബജറ്റ് വിഹിതമായി ഓരോ വർഷവും സർക്കാർ നൽകുമെന്നാണു ധാരണ. ഈ വർഷം 200 കോടി നൽകും. ഒരു നിയോജകമണ്ഡലത്തിൽ 100 വീതം 14,000 ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന്റെ വാടകയും സർക്കാർ വഹിക്കും. 

30,000 സർക്കാർ ഓഫിസുകളിൽ ഇന്റർനെറ്റ് എത്തിക്കാനാണു കെ ഫോൺ പദ്ധതിയിട്ടതെങ്കിലും ദേശീയപാതാ വികസനം നടക്കുന്നിടത്ത് കേബിൾ സ്ഥാപിച്ചിട്ടില്ല. 18,700 ഓഫിസുകളിലാണു കണക്‌ഷൻ നൽകിയത്. 

7908 സ്കൂൾ ബാക്കി

ഇന്റർനെറ്റ് ഉപയോഗിക്കുന്ന 14,500 സ്കൂളുകളിൽ 6592 ഇടത്താണു കെ ഫോൺ കണക്‌ഷൻ എത്തിയത്. മുഴുവൻ സ്കൂളുകളും കെ ഫോണിലേക്കു മാറണമെന്നു മാർച്ചിൽ സർക്കാർ ഉത്തരവിട്ടിരുന്നു. കൈറ്റ് വഴി ബിഎസ്എൻഎൽ കണക്‌ഷൻ ലഭിച്ചിരുന്ന 4500 സ്കൂളുകളിൽ ഇതെത്തുടർന്നു ബിഎസ്എൻഎൽ കണക്‌ഷൻ റദ്ദാക്കി. ഇതിനുശേഷമാണ് ഇത്രയും സ്കൂളുകളുടെ പട്ടിക കൂടി കെ ഫോണിനു നൽകിയത്. ഇവിടെയും എത്രയും വേഗം കണക്‌ഷൻ നൽകും. 

∙ ‘സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് 14,000 ബിപിഎൽ വീടുകളിൽ കെ ഫോൺ കണക്‌ഷൻ ഈ മാസം തന്നെ എത്തും. ഓഗസ്റ്റിൽ വാണിജ്യ കണക്‌ഷനുകൾ നൽകിത്തുടങ്ങും. കെ ഫോൺ വഴി കേരളം ഒരു ജിഗാ ബൈറ്റ് (ജിബി) ഇക്കോണമിയായി മാറും.’ – ഡോ.സന്തോഷ് ബാബു, എംഡി, കെ ഫോൺ

English Summary: One more month for KFON to reach houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com