ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട കടമ നിർവഹിക്കുന്നതിൽ സിപിഎം മന്ത്രിമാർ പിന്നോട്ടു പോകുന്നു എന്ന ഒളിയമ്പുള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം സിപിഎം ഗൗരവത്തിൽ എടുക്കും. റിയാസുമായി താൻ ഇക്കാര്യം സംസാരിച്ചെന്ന് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ടു നടത്തിയ പ്രതികരണത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. റിയാസിന്റെ ലക്ഷ്യമുന എന്തിലേക്ക് എന്ന ചോദ്യം പാർട്ടിയിൽ സജീവമായി. പ്രത്യക്ഷത്തിൽ റിയാസ് പാർട്ടി വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ എം.വി.ഗോവിന്ദന് അദ്ദേഹത്തെ തള്ളിപ്പറയാനും കഴിയില്ല. അതേ സമയം ആ പ്രതികരണത്തിൽ പാർട്ടിക്കാർക്കു വായിച്ചെടുക്കാൻ പലതുമുണ്ട്.

പ്രതിപക്ഷത്തെ വൻതോക്കുകൾ കൂട്ടത്തോടെ നിറയൊഴിക്കുമ്പോൾ സർക്കാർ പാളയം ശൂന്യമെന്ന വിമർശനം ഉന്നത നേതൃത്വത്തിലെ ഒരു വിഭാഗം കുറെ നാളായി പങ്കുവയ്ക്കുന്നു. വി.ഡി.സതീശൻ മുതൽ ഷാഫി പറമ്പിൽ വരെ സർക്കാരിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. ഓരോരുത്തർക്കും ഉടൻ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഇല്ലെന്നിരിക്കെ അതു നിർവഹിക്കേണ്ടതു പാർട്ടി നേതൃത്വമോ മന്ത്രിമാരോ ആണ്. എന്നാൽ കോടിയേരി ബാലകൃഷ്ണൻ സജീവമായിരുന്ന കാലത്തേതു പോലെ നിരന്തരം മാധ്യമങ്ങളെ എം.വി.ഗോവിന്ദൻ അഭിമുഖീകരിക്കാറില്ല.

ഒന്നാം പിണറായി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി മുതിർന്ന മന്ത്രിമാർ രംഗത്ത് എത്തിയിരുന്നെങ്കിൽ ഇവിടെ അതും കാണാനില്ല. മന്ത്രിമാർ കൂടുതലും വകുപ്പുകളെക്കുറിച്ചു മാത്രം സംസാരിക്കുന്ന രീതി സ്വീകരിക്കുമ്പോൾ പി.രാജീവും പി.എ.മുഹമ്മദ് റിയാസുമാണു പൊതു രാഷ്ട്രീയ പ്രതികരണണങ്ങൾക്കു മുതിരുന്നത്. റോഡ് ക്യാമറയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ മന്ത്രിമാരുടെ നിശബ്ദതയ്ക്കെതിരെയുള്ള വികാരം സിപിഎമ്മിൽ ശക്തവുമായി.

റിയാസിന്റെ തുറന്നുപറച്ചിലിലൂടെ ഇതാണു പുറത്തേക്കു വന്നത്. മന്ത്രിമാർ സർക്കാരിനു രാഷ്ട്രീയ കവചം തീർക്കണമെന്ന പാർട്ടി നിർദേശം പാലിക്കപ്പെടുന്നില്ലെന്നു തന്നെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇറങ്ങിയാൽ സ്വന്തം പ്രതിച്ഛായ നഷ്ടമാകുമോ എന്ന ആശങ്ക ചില മന്ത്രിമാർക്കെങ്കിലും ഉണ്ടെന്ന അതിലും ഗുരുതര സൂചന അടങ്ങുന്ന അഭിപ്രായ പ്രകടനം നടത്തി, പിണറായിക്കു പിന്നിൽ അണിനിരക്കുന്നവരെ ഫാൻസ് അസോസിയേഷനായി ചിത്രീകരിക്കുമെന്നു ഭയന്നു ചിലരെല്ലാം മൗനം പാലിക്കുന്നു എന്നുവരെ പറഞ്ഞുവച്ചു.

റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയതു കൊണ്ടു തന്നെ ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളിലെ വികാരമാണോ എന്ന ചോദ്യം തന്നെയാണു സജീവം.  എന്നാൽ മന്ത്രിമാരുടെ പിന്തുണ കിട്ടുന്നില്ലെന്ന വിലയിരുത്തൽ പിണറായിക്കുണ്ടെങ്കിൽ അതു റിയാസിലൂടെ പുറത്തു വരേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും പൂർണനിയന്ത്രണം അദ്ദേഹത്തിൽ ആയിരിക്കെ ഒരു സൂചന അദ്ദേഹം നൽകിയാൽ തന്നെ ആശിക്കുന്നതു നടപ്പാക്കപ്പെടും.

പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ പ്രകടനമായി അദ്ദേഹത്തിന്റെ തുറന്നടികളെ വിലയിരുത്തുന്നവരുണ്ട്. അതുകൊണ്ടു തന്നെ ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ വളരെ നിഷ്കളങ്കമായല്ല സിപിഎം മന്ത്രിമാർ കാണുന്നത്. എന്നാൽ റിയാസുമായി തർക്കത്തിനു പോകാനും അവർ തയാറല്ല. റിയാസ് പറഞ്ഞതിനോടു ചാനലിൽ പ്രതികരിച്ച എം.ബി.രാജേഷ് ഇരുവരും പറയുന്നതിൽ വൈരുധ്യം ഉണ്ടെന്ന സൂചനകൾ പൂർണമായും നിഷേധിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.

English Summary: Who is minister Mohammed Riyas aiming at in his statement to protest chief minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com