ADVERTISEMENT

കോട്ടയം ∙ സോളർ കേസിൽ ജുഡീഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് ജി.ശിവരാജൻ‌ സദാചാര പൊലീസ് ചമയുകയായിരുന്നുവെന്നു മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ വിമർശനം. കുറ്റവാളികളിൽനിന്നു സ്ത്രീപുരുഷബന്ധത്തിന്റെ മസാലക്കഥകൾ‌ കിട്ടിയോ എന്നറിയാനായിരുന്നു കമ്മിഷനു താൽപര്യം. ഡിസി ബുക്സ് പുറത്തിറക്കുന്ന ‘നീതി എവിടെ?’ എന്ന ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറിയിൽ ‘സോളർ കമ്മിഷൻ – അൽപായുസ്സായ റിപ്പോർട്ടും തുടർചലനങ്ങളും’ എന്ന അധ്യായത്തിലാണു ജസ്റ്റിസ് ശിവരാജനെതിരെ രൂക്ഷവിമർശനം. 

സോളർ കേസ് അന്വേഷിച്ച പൊലീസ് സംഘത്തലവൻ എന്ന നിലയിൽ കമ്മിഷനു മുന്നിൽ ഹാജരായപ്പോഴുണ്ടായ അനുഭവങ്ങളാണ് ഹേമചന്ദ്രൻ എഴുതുന്നത്. സോളർ തട്ടിപ്പും അനുബന്ധവിഷയങ്ങളുമായിരുന്നു കമ്മിഷന്റെ അന്വേഷണ വിഷയം. എന്നാൽ, തട്ടിപ്പുകാരെയും അവരുടെ ഇരകളെയും മറന്ന് അനുബന്ധ വിഷയത്തിലായിരുന്നു കമ്മിഷന്റെ അധ്വാനം. കുറ്റവാളികളിൽനിന്നു സ്ത്രീപുരുഷബന്ധത്തിന്റെ മസാലക്കഥകൾ‌ വല്ലതും കിട്ടിയോ എന്നതായിരുന്നു കമ്മിഷന്റെ ചോദ്യങ്ങളുടെ ഉന്നം.

വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറാനുള്ള പ്രവണത തുടക്കം മുതലേ പ്രകടമായിരുന്നു. ഒരു കുട്ടിയുടെ പിതൃത്വം നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ എന്ന ചോദ്യം പോലും ഉദ്യോഗസ്ഥർക്ക് അഭിമുഖീകരിക്കേണ്ടി വന്നു– ഹേമചന്ദ്രൻ എഴുതുന്നു. കമ്മിഷന്റെ ചില തമാശകളും പരാമർശങ്ങളും അരോചകമായിത്തോന്നി. ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. 

കേസിലെ പ്രതികളായ തട്ടിപ്പുകാരുടെ വാക്കുകേട്ട് അശ്ലീല സിഡി തേടി കമ്മിഷന്റെ വക്കീലും ജയിലിൽ കിടന്ന പ്രതിയുമായി കോയമ്പത്തൂർ യാത്ര നടത്തി. സിഡി യജ്ഞം പരാജയപ്പെട്ടതിൽ കമ്മിഷൻ മാധ്യമങ്ങളെയും പൊലീസിനെയുമാണു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. അപ്പോഴും തട്ടിപ്പുകാരൻ കബളിപ്പിച്ചു എന്ന സംശയം കമ്മിഷനു തീരെയില്ല. 

അശ്ലീലം അതിരുകടക്കുന്ന സിനിമ സെൻസർ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ വെട്ടിമാറ്റാറുണ്ടല്ലോ. 3 മണിക്കൂറുള്ള സിനിമ സെൻസറിങ് കഴിയുമ്പോൾ പ്രദർശനയോഗ്യമായത് അരമണിക്കൂർ മാത്രമാണെങ്കിലോ? സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഹൈക്കോടതി വെട്ടിമാറ്റൽ നടത്തിക്കഴിഞ്ഞപ്പോൾ അതായിരുന്നു അവസ്ഥ– ഹേമചന്ദ്രൻ എഴുതുന്നു. 

ജസ്റ്റിസ് ശിവരാജൻ‌ കമ്മിഷൻ 5 കോടി പ്രതിഫലം പറ്റിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ടെഴുതിയതെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. അതിനു പിന്നാലെയാണു കമ്മിഷൻ മുൻവിധിയോടെ പെരുമാറിയെന്ന മുൻ ഡിജിപിയുടെ വിമർശനം പുറത്തു വരുന്നത്. 

∙ ‘സോളർ കേസിൽ അന്വേഷണ കമ്മിഷനായി ജസ്റ്റിസ് ജി.ശിവരാജനെ നിയമിക്കുന്നതിൽ അന്ന് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നിയമനം മന്ത്രിസഭായോഗ തീരുമാനമായിരുന്നു.  മന്ത്രിസഭായോഗത്തിൽ ആരൊക്കെ എന്തൊക്കെ നിലപാടെടുത്തുവെന്ന് ഇപ്പോൾ പറയുന്നതു ശരിയല്ല. അതു രഹസ്യമായി തുടരും.  കമ്മിഷനെക്കുറിച്ച് ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകൾ സത്യമാണ്, 10 വർഷം കഴിഞ്ഞാണു പുറത്തുവരുന്നതെന്നു മാത്രം’. – തിരുവഞ്ചൂർ രാധാകൃഷ്ണൻ (മുൻ ആഭ്യന്തരമന്ത്രി)

English Summary: A Hemachandran against Solar Judicial Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com