ADVERTISEMENT

തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റ് ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകുന്ന റേറ്റിങ്ങിന്റെ ആയുസ്സ് 2 വർഷം. ഈ കാലാവധിക്കുള്ളിൽ  പരിശോധന നടത്തി റേറ്റിങ് പുതുക്കും. മാനദണ്ഡങ്ങൾ ലംഘിക്കുകയോ ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടാകുകയോ ചെയ്താൽ റേറ്റിങ് നഷ്ടമാകും. കമ്മിഷണറേറ്റ് ചുമതലപ്പെടുത്തിയ ഏജൻസിയാണ് റേറ്റിങ് നിശ്ചയിക്കുന്നത്. റേറ്റിങ് ആപ്പായ ‘ ഈറ്റ് റൈറ്റ് കേരള ’യുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

പൊതുജനങ്ങൾക്ക് ആപ്പിൽ ലിങ്ക് ചെയ്തിട്ടുള്ള ഗ്രീവൻസ് സെല്ലിലൂടെ സ്ഥാപനങ്ങളുടെ വീഴ്ചകളെക്കുറിച്ചു പരാതിപ്പെടാം. റേറ്റിങ് പട്ടികയിൽ ഇല്ലാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതി നൽകാം. 

ഇതിനകം 1600 സ്ഥാപനങ്ങളെയാണ് റേറ്റ് ചെയ്തത്. ഉപഭോക്താക്കളുടെ അഭിപ്രായം ആപ്പിൽ രേഖപ്പെടുത്താൻ സൗകര്യം നൽകുന്നതു പരിഗണനയിലുണ്ട്. ഇതിനെ റേറ്റിങ്ങുമായി ബന്ധപ്പെടുത്തില്ല. 

ജീവനക്കാരുടെ പരിശീലനം, പഴകിയ എണ്ണ ഒഴിവാക്കൽ, ജലപരിശോധനാ ഫലം, ഭക്ഷ്യസാംപിൾ പരിശോധിച്ചതിന്റെയും കീട നിയന്ത്രണത്തിന്റെയും സർട്ടിഫിക്കറ്റ്, ഉപഭോക്താക്കൾക്ക് സ്ഥാപനത്തിൽ തന്നെ പരാതി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, വിവിധ ലൈസൻസുകൾ തുടങ്ങിയ 14 കാര്യങ്ങൾ പരിശോധിച്ചാണ് ഏജൻസി റേറ്റിങ് നടത്തുന്നത്.

ഭക്ഷ്യസുരക്ഷാ സൂചിക: കേരളം ഒന്നാമത് 

തിരുവനന്തപുരം∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന് ആദ്യമായി ഒന്നാം സ്ഥാനം. കേന്ദ്രമന്ത്രി മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നു സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് പുരസ്കാരം സ്വീകരിച്ചു. 

140 പഞ്ചായത്തുകളിൽ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തു പദ്ധതി, അഞ്ഞൂറോളം സ്‌കൂളുകളിൽ സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ (എസ്എൻഎഫ്@സ്കൂൾ) പദ്ധതി, പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ മൂവായിരത്തോളം ഭക്ഷ്യ സുരക്ഷാ ബോധവൽകരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

English Summary :  'Eat Right Kerala' app has come into existence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com