തിരുവനന്തപുരം ∙ പ്രവചിച്ചതിലും നാലു ദിവസം വൈകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. സംസ്ഥാനത്തു ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാലും 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യത ഉള്ളതിനാലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിനു നിരോധനമുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ 5 ജില്ലകളിലാണ് അലർട്ട്. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ഇന്ന്– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ. നാളെ മുതൽ 12 വരെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
English Summary : Meteorological department said monsoon has arrived