20,000 തദ്ദേശ അംഗങ്ങൾക്ക് സ്വത്തുവിവരം നൽകാൻ നോട്ടിസ്

HIGHLIGHTS
  • അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിച്ചു സർക്കാർ വിജ്ഞാപനം
government-of-kerala
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇരുപതിനായിരത്തിൽ പരം തദ്ദേശ സ്ഥാപന പ്രതിനിധികളോട് ഈ മാസം 20നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമർപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. സ്വത്തുവിവരം സമർപ്പിച്ച ശേഷം, കൂടുതലായി സ്വത്ത് ആർജിച്ചാലോ കയ്യൊഴിഞ്ഞാലോ ബാധ്യതപ്പെടുത്തിയാലോ അക്കാര്യം മൂന്നു മാസത്തിനകം വീണ്ടും അറിയിക്കണം. സ്വത്ത്, ബാധ്യത വിവരങ്ങൾ അറിയിക്കേണ്ട അധികാരപ്പെട്ട ഉദ്യോഗസ്ഥരെ (കോംപിറ്റന്റ് അതോറിറ്റി) നിശ്ചയിച്ചു സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചു. 30 മാസം പൂർത്തിയാക്കിയ ജനപ്രതിനിധികളോടാണു സ്വത്തുവിവരം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് തദ്ദേശ വകുപ്പ് (റൂറൽ) ഡയറക്ടർ എന്നിവരാണ് കോംപിറ്റന്റ് അതോറിറ്റി. നഗരസഭകളിലെയും കോർപറേഷനുകളിലെയും ജനപ്രതിനിധികളുടെ കാര്യത്തിലെ അതോറിറ്റി തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടറാണ്. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ നടപടി സ്വീകരിക്കും. നിശ്ചിത തീയതിക്കകം സമർപ്പിച്ചില്ലെങ്കിൽ ജനപ്രതിനിധിയെ കമ്മിഷന് അയോഗ്യനാക്കാൻ വരെ സാധിക്കും. സ്റ്റേറ്റ്മെന്റ് അതോറിറ്റികളുടെ ഓഫിസിൽ സൂക്ഷിക്കണമെന്നും നൽകാത്തവരുടെ പേരുവിവരം അറിയിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം പഞ്ചായത്ത് അംഗം അല്ലെങ്കിൽ മുനിസിപ്പൽ കൗൺസിലർ സ്ഥാനമേറ്റെടുത്ത തീയതി മുതൽ 30 മാസങ്ങൾക്കകമാണ് അംഗത്തിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം അറിയിക്കേണ്ടത്. 2020 ഡിസംബറിലാണു സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പു നടന്നതും അംഗങ്ങൾ സ്ഥാനമേറ്റെടുത്തതും. 

English Summary : Notice to provide property details of Local Self Governing Bodies members

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA