തിരുവനന്തപുരം ∙ തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്തു ചുറ്റിപ്പറ്റി അരിക്കൊമ്പൻ. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചു.
ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. അരിക്കൊമ്പൻ ഇപ്പോൾ അധികദൂരം സഞ്ചരിക്കാറില്ലെങ്കിലും നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.
അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. കോതയാർ ഡാമിനു സമീപത്തു നിന്നു നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്.
അരിക്കൊമ്പൻ: അതിരുവിട്ട ഉത്സാഹം വിനയായെന്ന് മന്ത്രി
തൃശൂർ ∙ അരിക്കൊമ്പന് ഇപ്പോഴത്തെ ഗതി വന്നതു മൃഗസ്നേഹികളുടെയും സംഘടനകളുടെയും അതിരുവിട്ട ഉത്സാഹം മൂലമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ സംരക്ഷിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിനായി ശ്രമിക്കുന്നതിനിടെ മൃഗസ്നേഹികൾ കോടതിയെ സമീപിച്ചു. പിന്നാലെ കർഷകരുടെ സംഘടനകളും കോടതിയിലെത്തി. ഇടപെടലുകൾ പരിധിവിട്ടതോടെയാണ് അരിക്കൊമ്പനെ മറ്റൊരു കാട്ടിലേക്കു മാറ്റേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു.
English Summary : Arikomban still in Kothayar