ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിലെ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായുള്ള കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി വ്യാജമാണെന്നു മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. അതേസമയം, മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ എടുത്ത കേസ് തുടരുകയുമാണ്.

2022 ജൂണിൽ കണ്ണൂരിൽനിന്നുള്ള ഇൻഡിഗോ വിമാനം തിരുവനന്തപുരത്തു ലാൻഡ് ചെയ്യുന്ന സമയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത്ത് എന്നിവർ മുദ്രാവാക്യം വിളിച്ചു മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നതിനെത്തുടർന്നുള്ള സംഘർഷമാണു കേസുകൾക്ക് ആധാരം. മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ചവരിൽ ഒരാളെ തള്ളിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് പൊലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു.

തങ്ങളെ മർദിച്ച ജയരാജനെതിരെ കേസെടുക്കണമെന്നു ഫർസീനും നവീനും ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയുണ്ടായില്ല. ഒടുവിൽ കോടതി നിർദേശപ്രകാരം വലിയതുറ പൊലീസ് എടുത്ത കേസാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. വിയോജിപ്പുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ സമീപിക്കാമെന്നു വലിയതുറ പൊലീസ് കണ്ണൂരിലെത്തി പരാതിക്കാരെ അറിയിച്ചു. ജയരാജനു പുറമേ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

സംഘർഷത്തിന്റെ പേരിൽ ഇൻഡിഗോ യൂത്ത് കോൺഗ്രസുകാർക്കു രണ്ടാഴ്ചത്തെയും ജയരാജിനു മൂന്നാഴ്ചത്തെയും യാത്രാവിലക്ക് പ്രഖ്യാപിച്ചു. കൂടുതൽ ഗുരുതരമായ നിയമലംഘനം ജയരാജന്റേതാണെന്നായിരുന്നു വിമാനക്കമ്പനിയുടെ റിപ്പോർട്ട്. ഇതിൽ പ്രതിഷേധിച്ച് ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നു ജയരാജൻ പ്രഖ്യാപിക്കുകയും ചെയ്തു.

∙ ‘നിയമപ്പോരാട്ടം തുടരും. രണ്ടുവട്ടം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അവരിൽനിന്നു നീതി കിട്ടുമെന്നു പ്രതീക്ഷയില്ല. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകാൻ എന്തുകൊണ്ടാണു പൊലീസിനു സാധിക്കാത്തത്?’ – ഫർസീൻ മജീദ്

∙ ‘നീതിപൂർവമായ നിലപാടാണു പൊലീസ് സ്വീകരിക്കുന്നത്. തെറ്റായ ഒരു നടപടിയും വിമാനത്തിൽ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് അന്വേഷിച്ചാലും ഇതുതന്നെയായിരിക്കും ഫലം. നീതിയുടെയും സത്യത്തിന്റെയും വിജയമാണ് ഉണ്ടായിരിക്കുന്നത്.’ – ഇ.പി.ജയരാജൻ

English Summary: Case against E.P. Jayaran in attack on youth congress members in flight to be written off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com