ADVERTISEMENT

ഭരിക്കുന്ന കക്ഷിയുടെ യുവജനസംഘടനയായ എസ്എഫ്ഐ പ്രതിസ്ഥാനത്തു വരുന്ന കേസുകളുടെ എണ്ണം പെരുകുമ്പോൾ അവയിലെ പൊലീസ്– നിയമനടപടികളുടെ സ്ഥിതി പരിശോധിച്ചാൽ അത്ര വേഗം പോരാ. പിഎസ്‌സി ചോദ്യപ്പേപ്പർ ചോർത്തൽ, പൊലീസിനെ കയ്യേറ്റം ചെയ്യൽ എന്നിവ മുതൽ വ്യാജരേഖചമയ്ക്കൽ വരെ കേസുകൾ വരുമ്പോൾ ഭരണത്തിന്റെ തണൽ ഇതിനു ലഭിക്കുന്നുവെന്നാണ് ആക്ഷേപം. വിവിധ കേസുകളുടെ സ്ഥിതി ഇങ്ങനെ.

പെട്ടുപോയ കായികം; രക്ഷപ്പെടലിന്റെ കല

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പൊലീസിനെ ആക്രമിച്ചെന്ന കേസിൽപെട്ട എസ്എഫ്ഐ പ്രവർത്തകർ 2 മാസത്തിലേറെയായി സുരക്ഷിതർ. അതേസമയം, എസ്എഫ്ഐക്കാരെ ആക്രമിച്ചെന്ന കേസിൽ 14 കായിക വിദ്യാർഥികൾ 2 മാസത്തിലേറെയായി പുറത്ത്. എസ്എഫ്ഐക്കാരുടെ ആക്രമണം നേരിട്ടെന്നു പരാതി നൽകിയവരാണു പുറത്താക്കപ്പെട്ടത്. കായികവിദ്യാർഥികളും എസ്എഫ്ഐക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ ആക്രമിച്ച പ്രവർത്തകർ ക്യാംപസിൽ പാട്ടുംപാടി നടക്കുന്നു. 

മാർ‌ച്ച് 29നാണ് എസ്എഫ്ഐ എസ്ഐ വിപിൻ വി.പിള്ള ഉൾപ്പെടെ 3 പൊലീസുകാരെ ആക്രമിച്ചത്. ഇതിൽ കണ്ടാലറിയാവുന്നവർ അടക്കം 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പക്ഷേ, പൊലീസ് ‘കിണഞ്ഞു ശ്രമിച്ചിട്ടും’  പ്രതികളെ കിട്ടിയില്ല. കോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുത്തതോടെ അവർ സുരക്ഷിതർ. കായിക വിദ്യാർഥികളെ ആക്രമിച്ച കേസിലാവട്ടെ പരാതിക്കാരൻ നാടകീയമായി പിൻവലിയുകയും ചെയ്തു. എതിർപക്ഷത്ത് എസ്എഫ്ഐ ആയതിനാൽ വിദ്യാർഥിക്കു മേൽ കടുത്ത സമ്മർദം ഉണ്ടായെന്നാണു മറ്റു വിദ്യാർഥികളുടെ ആക്ഷേപം.

‘ചോർ... ചോർ..’ ചോർത്തൽ

തിരുവനന്തപുരം ∙ 2019 ൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിയിൽ ജോലി നേടിയവർ പിഎസ്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വിജയിച്ച എസ്എഫ്ഐക്കാർ ആണെന്നത് നാടിനെ ഞെട്ടിച്ചു. ഈ കേസിൽ ഇപ്പോഴും കോടതി നടപടി പൂർത്തിയായിട്ടില്ല. 7 വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയ കേസിൽ 6 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിട്ടുണ്ട്. വ്യാജരേഖ നിർമിക്കൽ, വഞ്ചന, ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. സ്മാർട് വാച്ച്, ഇയർഫോൺ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ സൈബർ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ജാതിപ്പേര് വിളിക്കാവുന്ന സോഷ്യലിസം

കോട്ടയം ∙ എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫിന്റെ ദേശീയ ഭാരവാഹിത്വമുള്ള വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പാണ്. പക്ഷേ, അതിനനുസരിച്ചുള്ള അറസ്റ്റ് നടപടികളുണ്ടായില്ല. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു പൊലീസ് കാത്തിരിക്കുന്നു. വിചാരണ പൂർത്തിയായിട്ടില്ല.  

പ്രിൻസിപ്പലിന്റെ കസേര കത്തിക്കൽ

കൊച്ചി ∙ 2018 നവംബറിൽ ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ എസ്എഫ്ഐ സംസ്ഥാന   സെക്രട്ടറി പി.എം.ആർഷോ പ്രതിയായിരുന്നു. 2017 ൽ മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലുൾപ്പെട്ട 6 പേരെ പുറത്താക്കിയിരുന്നു. അന്നത്തെ കോളജ് യൂണിയൻ ചെയർമാൻ അശ്വിൻ ദിനേശ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീർ, സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരടക്കം പ്രതികളാണ്.

English Summary: Cases involving SFI increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com