ചൈനീസ് കേബിളിന് പണം കേന്ദ്രപദ്ധതിയിൽനിന്ന്; കെഎസ്ഇബി ‘മെയ്ക് ഇൻ ഇന്ത്യ’ക്കായി നിർബന്ധം പിടിച്ചത് ഇതിനാൽ

HIGHLIGHTS
  • ഇന്ത്യൻ നിർമിതമാകണമെന്നു കെഎസ്ഇബി വാശി പിടിച്ചത് കേന്ദ്രം അനുവദിച്ച ഫണ്ടായതിനാൽ
kfon-project-representational-image-1
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ കെ ഫോൺ പദ്ധതിക്കായി കെഎസ്ഇബിയുടെ പോസ്റ്റുകൾ വഴി സ്ഥാപിച്ച ഒപിജിഡബ്ല്യു കേബിളിന്റെ പണം കേന്ദ്രപദ്ധതിയിൽ നിന്ന്. കേന്ദ്ര സർക്കാരിന്റെ പവർ സിസ്റ്റം ഡവലപ്മെന്റ് ഫണ്ട് (പിഎസ്ഡിഎഫ്) പദ്ധതിയിൽ കെഎസ്ഇബിക്ക് അനുവദിച്ച തുക ഉപയോഗിച്ചാണു കെ ഫോണിനായി ഒപിജിഡബ്ല്യു കേബിൾ സ്ഥാപിച്ചത്. എൽഎസ് കേബിൾ കമ്പനി നൽകിയ കേബിളിൽ ചൈനീസ് ഘടകം ഉൾപ്പെട്ടതിനെ കെഎസ്ഇബി എതിർത്തതും കേന്ദ്ര നയമായ ‘മെയ്ക് ഇൻ ഇന്ത്യ’ക്കായി നിർബന്ധം പിടിച്ചതും കേന്ദ്രഫണ്ട് ഉപയോഗിക്കുന്നുവെന്ന കാരണത്താലായിരുന്നു. എൽഎസ് കേബിളിനു പണം നൽകേണ്ടതും കെഎസ്ഇബി തന്നെ. ഈ തുക ഇതുവരെ അനുവദിച്ചിട്ടില്ല. 

സംസ്ഥാനങ്ങളുടെ പ്രസാരണ ശൃംഖല പുതുക്കാനും ആധുനീകരിക്കാനും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ പ്രകാരം കേന്ദ്ര ഊർജമന്ത്രാലയം അംഗീകരിച്ചതാണ് പിഎസ്ഡിഎഫ് സ്കീം. നാഷനൽ ലോഡ് ഡെസ്പാച്ച് സെന്റർ (എൻഎൽഡിസി) ആണു നോഡൽ ഏജൻസി. പദ്ധതി രേഖ തയാറാക്കുന്നതും ഫണ്ട് നൽകുന്നതും പരിശോധന നടത്തുന്നതുമെല്ലാം ഇവരാണ്. ഈ സ്കീമിൽ ഉൾപ്പെടുത്തി ഒപിജിഡബ്ല്യു കേബിൾ ശൃംഖല സ്ഥാപിക്കാൻ കെഎസ്ഇബി പദ്ധതിയിട്ടിരുന്നു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെ ഫോൺ) പദ്ധതി സർക്കാർ അവതരിപ്പിച്ചപ്പോൾ ഇതുമായി കെഎസ്ഇബി കൈ കോർക്കുകയായിരുന്നു. 

അതേസമയം, പിഎസ്ഡിഎഫ് സ്കീം പ്രകാരം ലഭിക്കുന്ന പണം എൽഎസ് കേബിളിനു നൽകേണ്ടതു കെഎസ്ഇബിയാണ്. 2500 കിലോമീറ്റർ കേബിൾ സ്ഥാപിച്ചതിന് നൽകാനുള്ള 80 കോടി രൂപ ഇതുവരെ കൈമാറിയിട്ടില്ല. പിഎസ്ഡിഎഫ് സ്കീമിലെ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടോ എന്ന പരിശോധന കേന്ദ്രസർക്കാർ നടത്തുമെന്നാണു വിവരം. 

English Summary: China cable for KFON project from government of India fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS