ADVERTISEMENT

തിരുവനന്തപുരം ∙ കെ ഫോൺ പദ്ധതിക്ക് എൽഎസ് കേബിൾ എന്ന കമ്പനി നൽകിയ കേബിളുകളുടെ ഗുണനിലവാരം പരിശോധിച്ചതും ചൈനയിൽ. ഇന്ത്യയിൽ പരിശോധിക്കണമെന്നു ടെൻഡറിൽ വ്യവസ്ഥയുള്ളപ്പോഴാണു ചൈനയിലെ ഷാങ്‌ഹായ് നാഷനൽ സെന്റർ ലാബിലെ പരിശോധനാഫലം അംഗീകരിച്ചത്. കെഎസ്ഇബിയുടെ സാങ്കേതിക സമിതിയുടേതുൾപ്പെടെ എല്ലാത്തരത്തിലുമുള്ള മറ്റു പരിശോധനകൾക്കും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) തടയിട്ടു.

ഇന്ത്യൻ ഉൽപാദകനിൽനിന്നു വാങ്ങിയതും ഇന്ത്യയിൽ രൂപകൽപന ചെയ്ത്, നിർമിച്ച്, പരിശോധിച്ചതുമായ ഉൽപന്നങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്ന ടെൻഡർ വ്യവസ്ഥയാണു ലംഘിച്ചത്. പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് കെഎസ്ഐടിഐഎലിന്റെ നിർബന്ധം മൂലം വഴങ്ങേണ്ടിവന്നെങ്കിലും എൽഎസ് കേബിൾ കമ്പനിയുടെ ബിൽ തുക മാറി നൽകാൻ അവർ തടസ്സംനിന്നതായാണു വിവരം. കേബിൾ നൽകി 2 വർഷം കഴിഞ്ഞിട്ടും കമ്പനിക്ക് ഇനിയും മുഴുവൻ പണം നൽകിയിട്ടില്ല. 2600 കിലോമീറ്ററിലാണ് ഈ കേബിൾ സ്ഥാപിച്ചത്.

കെ ഫോൺ കമ്പനിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഐഎലിനും 49% വീതമാണ് ഓഹരി പങ്കാളിത്തം. എന്നിട്ടും കെഎസ്ഇബിയുടെ ആശങ്കകൾ അവഗണിച്ചാണു ചൈനീസ് നിർമിത കേബിളുമായി കെഎസ്ഐടിഐഎൽ മുന്നോട്ടുപോയത്. ചൈനീസ് നിർമിത ഉൽപന്നമെന്നറിഞ്ഞതു വളരെ വൈകിയാണെന്നും ഇതിലെ ‘ഹൈ റിസ്ക്’ കെഎസ്ഐടിഐഎലിനെ അറിയിച്ചെന്നുമാണു കെ ഫോൺ പദ്ധതിയിൽ നടക്കുന്ന ഓഡിറ്റിൽ കെഎസ്ഇബി അറിയിച്ചത്. 4 മാസമായി നടക്കുന്ന ഓഡിറ്റിൽ ഇതുവരെ ലഭിച്ച നിരീക്ഷണങ്ങളിൽ വ്യക്തത വരുത്താൻ ഓഡിറ്റർ കെഎസ്ഐടിഐഎലിനു കൈമാറിയിരിക്കുകയാണ്. മറുപടി കൂടി പഠിച്ച ശേഷമേ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുകയുള്ളൂ.

ഉൽപന്നം നിർമിക്കുന്ന പ്ലാന്റിൽ നടത്തേണ്ട ഫാക്ടറി അക്സപ്റ്റൻസ് ടെസ്റ്റ് (എഫ്എടി) നിർബന്ധമായിരുന്നു. എന്നാൽ, പ്രധാന ഘടകം നിർമിച്ചതു ചൈനയിലായതിനാൽ അതിനായില്ല. നിർമാണഘട്ടത്തിലെ പരിശോധന നടത്താതെ, ഉൽപന്നം മാത്രം പരിശോധിച്ചതുകൊണ്ടു കേബിളിന്റെ ആയുസ്സ് ഉറപ്പിക്കാനാകില്ലെന്നാണു കെഎസ്ഇബി ഉന്നയിച്ച തടസ്സവാദം. ടെൻഡറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന എല്ലാ ഗുണനിലവാരവുമുണ്ടെന്നുറപ്പിക്കാനുള്ള ശേഷി, ലാബിനുണ്ടോ എന്നു ബോധ്യപ്പെട്ടശേഷം വേണം ലാബ് തിരഞ്ഞെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ചൈനയിലെ ലാബിന് ഇതിനെല്ലാം ശേഷിയുണ്ടെന്നു കാണിക്കുന്ന രേഖകൾ കരാറുകാരായ ബെൽ കൺസോർഷ്യം നൽകിയത് കെഎസ്ഐടിഐഎൽ അംഗീകരിച്ചു.

കൊറിയൻ കമ്പനിയായ എൽഎസ് കേബിൾ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തതിനാലും ഉൽപാദന പ്ലാന്റ് ഉള്ളതിനാലും ഇന്ത്യൻ ഉൽപാദകനായി അംഗീകരിക്കാമെന്നും കെഎസ്ഐടിഐഎൽ വാദിച്ചു. ഇന്ത്യൻ ഉൽപാദകനിൽനിന്നു വേണം കേബിൾ വാങ്ങാനെന്ന നിബന്ധനയുള്ളപ്പോഴാണ്, പ്ലാന്റ് ഉണ്ടായാൽ മാത്രം മതിയെന്ന വിചിത്രവാദം ഉന്നയിച്ചത്.

ഇന്ത്യൻ ഘടകം പരിധിയിൽ താഴെ

കേബിളിലെ ഇന്ത്യൻ ഘടകം എത്രയുണ്ടെന്നതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിനു കീഴിലെ ടെലി കമ്യൂണിക്കേഷൻസ് എൻജിനീയറിങ് സെന്ററിനെയോ ഇവർ അംഗീകരിച്ച ഓഡിറ്ററെയോ സമീപിക്കണമെന്നാണു കേന്ദ്ര വ്യവസ്ഥ. ഇതിനു മുതിരാതെ, കുറഞ്ഞത് 55% ഇന്ത്യൻ ഘടകമുണ്ടെങ്കിൽ ഇന്ത്യൻ ഉൽപന്നമാണെന്ന വിതരണക്കമ്പനിയുടെ വാദം അംഗീകരിക്കുകയാണു ചെയ്തത്.

ഊർജമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്  ചൈനീസ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ (ഒപിജിഡബ്ല്യു) ഇന്ത്യൻ ഉൽപന്നമാകണമെങ്കിൽ 60% ഇന്ത്യൻ ഘടകമുണ്ടാകണം. എൽഎസ് കേബിൾ കമ്പനി സമർപ്പിച്ച രേഖ പ്രകാരം 58% ആണ് ഇന്ത്യൻ ഘടകമുള്ളത്. ഇതാകട്ടെ ഏതെങ്കിലും വിദഗ്ധ സമിതി പരിശോധിച്ചിട്ടുമില്ല.

English Summary: China cable used for KFON project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com