പരീക്ഷയിലെ ജയം: ഗൂഢാലോചനയെന്ന ആർഷോയുടെ വാദം തള്ളി കോളജ്

Mail This Article
കൊച്ചി ∙ എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദം മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ തള്ളി. സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് ആർഷോയുടെ പേരു പട്ടികയിലുൾപ്പെട്ടത്. ഇതുപോലെ വേറെയും വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) ആവശ്യപ്പെട്ടുവെന്നും ചെയർമാൻ എൻ.രമാകാന്തൻ പറഞ്ഞു.
ആർക്കിയോളജി വിഭാഗം കോഴ്സ് കോ–ഓർഡിനേറ്റർ ഡോ.വിനോദ്കുമാർ കല്ലോലിക്കലിനെതിരെ വിദ്യാർഥികൾ നൽകിയ പരാതികളിൽ അന്വേഷണം നടത്തി. അദ്ദേഹം കുറ്റക്കാരനല്ലെന്നു കൗൺസിൽ കണ്ടെത്തി. എന്നാൽ ആർക്കിയോളജി വിഷയ വിദഗ്ധൻ അല്ലാത്തതിനാൽ തൽസ്ഥാനത്തു നിന്ന് മാറിനിൽക്കാൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇത് അച്ചടക്ക നടപടിയല്ലെന്നാണു ഗവേണിങ് കൗൺസിൽ ചെയർമാന്റെ വിശദീകരണം. പകരം അധ്യാപകൻ ചുമതലയേൽക്കും വരെ വിനോദിനു തുടരാം. എന്നാൽ, ഈ തീരുമാനം ഔദ്യോഗികമായി വിനോദ്കുമാറിനെ അറിയിച്ചിട്ടില്ല.
ആർഷോയുടെ അപ്രീതിക്കു പാത്രമായ അധ്യാപകനെ പദവിയിൽ നിന്നു മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണു കൗൺസിലിന്റെ തീരുമാനമെന്നാണു സൂചന. ഇടത് അധ്യാപക സംഘടനയിൽ അംഗമായ വിനോദിനോടു പദവി ഒഴിയണമെന്നു നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം സന്നദ്ധനായില്ലെന്നാണു വിവരം.
കെഎസ്‌യു പ്രവർത്തകയായ വിദ്യാർഥിനിക്കു പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടുതൽ നൽകിയെന്ന ആരോപണവുമായി എസ്എഫ്ഐ നേതൃത്വം മുൻപ് വിനോദ്കുമാറിനെതിരെ പരാതി നൽകിയെങ്കിലും അതിൽ അപാകതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
ആർഷോയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
കൊച്ചി ∙ എഴുതാത്ത പരീക്ഷ ജയിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ പരാതി ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരത്തുള്ള ആർഷോ കൊച്ചിയിലെത്തിയാലുടൻ മൊഴിയെടുക്കും. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാകും അന്വേഷണമെന്ന് പയസ് ജോർജ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് ആർഷോ തിരുവനന്തപുരത്തു ലോ ആൻഡ് ഓർഡർ എഡിജിപിക്കാണു വ്യാഴാഴ്ച പരാതി കൈമാറിയത്. ഇത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമനു കൈമാറി. ഇതിനു പിന്നാലെയാണു പ്രത്യേക സംഘം രൂപീകരിച്ചത്.
English Summary: Maharajas college rejects P.M. Arsho allegation of conspiracy