ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേസിൽ സുപ്രീം കോടതി വിധിപറയും മുൻപ് തിരക്കിട്ട് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോൺഗ്രസ് കോടതിയെ സമീപിക്കും.
അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി വരും ദിവസങ്ങളിൽ വിധി പറയും. വിധി രാഹുലിന് എതിരായാൽ ഉപതിരഞ്ഞെടുപ്പിനുള്ള നടപടികളിലേക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ നീങ്ങുമെന്നാണു സൂചന.
ഉപതിരഞ്ഞെടുപ്പു വന്നാൽ പ്രമുഖ നേതാവിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടിയിലുണ്ട്. പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായേക്കുമെന്നു മുൻപ് അഭ്യൂഹമുയർന്നെങ്കിലും ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിധി എതിരായാലും ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ അതുപകരിക്കുമെന്നാണു വിലയിരുത്തൽ.
ലക്ഷദ്വീപിൽ പി.പി.മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെത്തുടർന്നു ധൃതിപിടിച്ച് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷന് അദ്ദേഹം അനുകൂല വിധി നേടിയപ്പോൾ തിരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മതിയെന്ന ചിന്തയും കമ്മിഷനുണ്ട്.
പ്രതിപക്ഷ ഐക്യം: ചെറു സമിതികൾ രൂപീകരിക്കും
ന്യൂഡൽഹി ∙ പട്നയിൽ ഈ മാസം 23നു ചേരുന്ന പ്രതിപക്ഷ സമ്മേളനത്തിൽ വിവിധ കക്ഷി നേതാക്കളെ ഉൾപ്പെടുത്തി ചെറുസമിതികൾക്കു രൂപം നൽകുന്നതു പരിഗണനയിൽ. പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ ഏകോപനം, ബിജെപിക്കെതിരായ സംയുക്ത നീക്കങ്ങൾ എന്നിവയ്ക്കു മേൽനോട്ടം വഹിക്കുന്ന സമിതികളായിരിക്കും ഇവ. പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കുന്ന പൊതുമിനിമം പരിപാടി രൂപീകരിക്കാൻ തീരുമാനിച്ചാൽ അതിന്റെ ചുമതലയും സമിതിയെ ഏൽപിക്കും.
English Summary : Wayanad Lok Sabha constituency by election