കെ.വിദ്യയുടെ വ്യാജരേഖ: സീലും ഒപ്പും ഇന്റേൺഷിപ് സർട്ടിഫിക്കറ്റിൽനിന്ന്

HIGHLIGHTS
  • വിദ്യ മഹാരാജാസിൽ ആസ്പയർ ഇന്റേൺഷിപ് ചെയ്തതു 4 മാസം
K Vidya | Photo: Facebook, @വിദ്യ വിജയൻ
കെ.വിദ്യ (Photo: Facebook, @വിദ്യ വിജയൻ)
SHARE

കൊച്ചി ∙ വ്യാജരേഖ ചമയ്ക്കാൻ കെ.വിദ്യ ദുരുപയോഗം ചെയ്തത് 2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും എന്നു സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്. ഈ ഒപ്പും സീലും ഫോട്ടോഷോപ് പോലെയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കോപ്പി ചെയ്തു പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിൽ പതിക്കുകയായിരുന്നുവെന്നാണു കോളജ് അധികൃതരുടെ നിഗമനം.

പിജി, പിഎച്ച്ഡി വിദ്യാർഥികൾക്കു മറ്റു കോളജുകളിലും ഗവേഷണത്തിന് അവസരവും സാമ്പത്തിക സഹായവും നൽകുന്ന കേരള സർക്കാരിന്റെ സ്കോളർഷിപ്പാണ് ആസ്പയർ. സംസ്ഥാനത്തിനുള്ളിലെ കോളജുകളിൽ 8000 രൂപയും പുറത്തു 10,000 രൂപയുമാണു പ്രതിമാസ ഇൻസെന്റീവ്.

കാലടി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെ 2021 ഓഗസ്റ്റ് നാലിനാണു വിദ്യ മഹാരാജാസിൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു പ്രവേശനം നേടിയത്. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനായാണു ജോയ്നിങ് സർട്ടിഫിക്കറ്റ് കോളജ് നൽകുന്നത്. പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പലാണു ജോയ്നിങ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടത്. ഒപ്പിട്ടിരിക്കുന്നതിനു താഴെ പ്രിൻസിപ്പൽ/എച്ച്ഒഡി/അഡ്രസ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്നെഴുതി അതിനു താഴെ സ്പെഷൽ ഗ്രേഡ് പ്രിൻസിപ്പൽ, മഹാരാജാസ് കോളജ്, എറണാകുളം എന്ന സീൽ പതിച്ചിരിക്കയാണ്. ഇതു തന്നെയാണു വിദ്യ ഹാജരാക്കിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.

കോളജ് ലോഗോ കോളജിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പിജി വിദ്യാർഥികളുടെ പ്രോജക്ടിലും ഇതേ ലോഗോയുണ്ട്. ലോഗോ കൂടി ചേർത്തു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമിക്കാൻ സാധാരണ കംപ്യൂട്ടർ പരിജ്ഞാനം മതി. ജോലി കിട്ടി എന്നറിയിച്ച്, ഇന്റേൺഷിപ് പൂർത്തിയാക്കാതെയാണു 4 മാസത്തിനു ശേഷം വിദ്യ മഹാരാജാസ് കോളജ് വിട്ടത്. ഇതിനാൽ ഇന്റേൺഷിപ് പൂർത്തിയാക്കുമ്പോൾ ലഭിക്കേണ്ട സർട്ടിഫിക്കറ്റ് കോളജിൽനിന്നു നൽകിയിട്ടില്ല.

English Summary: K. Vidya used seal and signature from internal certificate for creating fake document

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS