ഹയർ സെക്കൻഡറി അധ്യാപക തസ്തികമാറ്റത്തിനു സംവരണം
Mail This Article
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി അധ്യാപക തസ്തികയിലേക്കു താഴെത്തട്ടിൽ നിന്നുള്ള തസ്തികമാറ്റ നിയമനത്തിന് ഇനി സംവരണം. ആകെ ഒഴിവുകളിൽ 25% ആണ് തസ്തികമാറ്റ നിയമനത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ 70% അർഹരായ ഹൈസ്കൂൾ അധ്യാപകർക്കും 20% എൽപി, യുപി അധ്യാപകർക്കും 5% വീതം ഹയർ സെക്കൻഡറിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവർക്കുമായിരിക്കും.
ഹയർ സെക്കൻഡറി ഒഴിവുകളുടെ 25% യോഗ്യരായ ഹൈസ്കൂൾ അധ്യാപകർക്കു നൽകണമെന്നും അവരിൽ വേണ്ടത്ര അപേക്ഷകർ ഇല്ലെങ്കിൽ അതതു വിഷയത്തിലെ പ്രൈമറി അധ്യാപകർക്ക് നൽകണമെന്നുമാണു നിലവിലെ ചട്ടം. പുതിയ ചട്ടം അനുസരിച്ച് ഈ ഒഴിവുകൾ 20 എണ്ണം വീതമുള്ള യൂണിറ്റുകളായി പരിഗണിച്ചാകും നിയമനം.
ഒരു യൂണിറ്റിലെ 14 ഒഴിവുകൾ ഹൈസ്കൂൾ അധ്യാപകർക്കും നാലെണ്ണം പ്രൈമറി അധ്യാപകർക്കും ഒന്നു വീതം ലാബ് അസിസ്റ്റന്റ്, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്കും ലഭിക്കും. പുതിയ ചട്ടത്തിനു 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടെങ്കിലും ഇതിനകം തസ്തികമാറ്റം വഴി നടന്ന നിയമനങ്ങളെ ബാധിക്കില്ല.
English Summary: Reservation for higher secondary teachers designation change