കയർ കോർപറേഷൻ എംഡിക്കെതിരായ ഉദ്യോഗസ്ഥയുടെ പരാതി ഒതുക്കാൻ ശ്രമം
Mail This Article
കോട്ടയം ∙ കയർ വികസന വകുപ്പ് ഉദ്യോഗസ്ഥയെ കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് ലാൽ പണിക്കർ പൊതുവേദിയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കയർ വികസന ഡയറക്ടർക്കു പരാതി. പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും സിപിഎം സ്വാധീനത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗവും മന്ത്രി സജി ചെറിയാന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമാണു ഡോ. രാജേഷ് ലാൽ.
കയർ വികസന വകുപ്പിൽ കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള വൈക്കം പ്രോജക്ട് ഓഫിസർ സ്മിത ജേക്കബാണു പരാതിക്കാരി. ജൂൺ 27ന് ആലപ്പുഴ കണിച്ചുകുളങ്ങരയിൽ മന്ത്രി ആർ.രാജീവ് പങ്കെടുത്ത പരിപാടിയിലാണു സ്മിതയ്ക്ക് എംഡിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. കയർ ഭൂവസ്ത്ര വിതരണത്തിന്റെ ചുമതല കയർ കോർപറേഷനാണെന്നിരിക്കെ, സ്വകാര്യ കരാർ ജോലിക്കാവശ്യമായ ഭൂവസ്ത്രത്തിന്റെ ഓർഡർ പ്രോജക്ട് ഓഫിസർ മുഖേന കയർഫെഡ് കരസ്ഥമാക്കിയെന്നു കുറ്റപ്പെടുത്തിയാണു രാജേഷ് പ്രകോപിതനായതെന്നു പരാതിയിൽ പറയുന്നു.
പരാതി അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണു കയർ കോർപറേഷൻ എംഡിയുടെ നിയമനം ശരിയായ രീതിയിലല്ലെന്നു കണ്ടത്. കോർപറേഷനിൽ മാനേജരായിരുന്ന രാജേഷ് ലാൽ സീനിയോറിറ്റിയിൽ മുന്നിലുള്ള ഒട്ടേറെപ്പേരെ മറികടന്നാണ് എംഡി സ്ഥാനത്തേക്ക് എത്തിയതെന്നാണ് ആരോപണം. ഇതോടെ പരാതി ഒതുക്കിത്തീർക്കാനുള്ള ശ്രമമായി. ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും രാജേഷ് പ്രവർത്തിച്ചിട്ടുണ്ട്.
English Summary : Attempt to settle officer's complaint against Coir Corporation MD