ADVERTISEMENT

ഡൽഹി കോണാട്ട് പ്ലേയ്സിൽ ഒ.വി.വിജയന്റെ സ്റ്റുഡിയോയിൽ ചെന്നിട്ടുള്ളവർ അതു കണ്ടിട്ടുണ്ടാവും: നേതാക്കളുടെ ചിത്രങ്ങൾ മാസികകളിൽ നിന്നും മുറിച്ചെടുത്ത് അവിടെ ചുമരിൽ ഒട്ടിച്ചിരുന്നു. നോക്കിവരയ്ക്കുമ്പോൾ പൂർണത കിട്ടുന്നതിനുവേണ്ടി.

ചിത്രങ്ങൾ നോക്കി മുഖം വരയ്ക്കുന്ന ആളായിരുന്നില്ല ആർട്ടിസ്റ്റ് നമ്പൂതിരി. എന്തും നോക്കി പകർത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ ചിത്രകല പഠിപ്പിച്ച ശങ്കരമേനോന്റെ ശിഷ്യത്വം അവസാനിപ്പിച്ച് നമ്പൂതിരി തൃശൂർ സ്കൂൾ ഓഫ് ആർട്സിൽ നിന്നു പുറത്തുകടന്നത് ‘പകർപ്പെടുക്കുന്നതിനോടുള്ള‌’ ഈ എതിർപ്പുകൊണ്ടാണ്. ഡ്രോയിങ് മാസ്റ്റർ ആവാനുള്ള കെജിടിഇ പരീക്ഷ സ്വയം തോറ്റു കൊടുത്തതും കോപ്പി വരയ്ക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണെന്നു പറഞ്ഞു ചിരിക്കും നമ്പൂതിരി.  

മലയാളത്തിൽ ആദ്യത്തെ സ്കാനിങ് മെഷീൻ ആയിരുന്നു നമ്പൂതിരി. ഏതു ദൃശ്യം കണ്ടാലും വരയ്ക്കാൻ ഇടയുള്ള ഏതു മനുഷ്യനെ കണ്ടാലും സ്കാൻ ചെയ്ത് മനസ്സിലേക്കിടും. പഴയ കാര്യങ്ങൾ ഓർമിക്കുമ്പോൾ ആളുകൾ ചിത്രമായാണ് ആദ്യം മനസ്സിലെത്തുകയെന്ന് നമ്പൂതിരി പറഞ്ഞിട്ടുണ്ട്. 

എഴുതപ്പെട്ട രചനകൾക്കപ്പുറം സ്വന്തമായി ഒന്നും വരയ്ക്കാൻ സാധിക്കുന്നില്ലല്ലോ എന്ന് നമ്പൂതിരി സങ്കടപ്പെട്ട കാലം ഉണ്ടായിരുന്നു. എഴുത്തുകാരൻ സങ്കൽപിച്ചതിനപ്പുറമുള്ള മാനം നൽകികൊണ്ടാണ് വരയിലെ ആ യാന്ത്രികതയെ നമ്പൂതിരി മറികടന്നത്. അതിനായി കഥകളിപോലെ മറ്റു ചില കലകളിലുള്ള മനോധർമം ചിത്രകലയിലേക്കു കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. 

വൈഡ് ആംഗിൾ ലെൻസിട്ട കണ്ണുകളാണ് അദ്ദേഹത്തിന്റേത്. സാധാരണ ദൃശ്യതലത്തിൽ നിന്നു മാത്രമല്ല മേലെ നിന്നും താഴെ നിന്നും നമ്പൂതിരി നോക്കിക്കാണും. 

മലയാള നാട് വാരികയുടെ ചീഫ് എഡിറ്റർ എസ്.കെ.നായർ വി.കെ.എന്നിനോട് ഒരിക്കൽ ആ വലിയ ചോദ്യം ചോദിച്ചു: എന്തിനാണ് എഴുതുന്നത്? അതിനു നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങൾ കാണാൻ എന്നായിരുന്നു വി.കെ.എന്നിന്റെ സരസ്വതി.

പതിവു തെറ്റിച്ച് ‘അനന്തരം’ എന്ന കൃതിക്കുമാത്രം വികെഎൻ സമർപ്പണം എഴുതി. അതിങ്ങനെയായിരുന്നു: ‘‘വരയുടെ പരമശിവനായ വാസേവൻ’’ നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പാണ് ഈ നോവൽ. – പുസ്തകാധിപൻ’’

നമ്പൂതിരിയെയും പാട്ടുകാരൻ യേശുദാസിനെയും പറ്റി എം.എൻ. വിജയന്റെ ഒരു നിരീക്ഷണമുണ്ട്. യേശുദാസും നമ്പൂതിരിയും കേരളത്തിന്റെ കലവറയാണ്. ഒരാൾ പാട്ടു വരയ്ക്കുന്നു, ഒരാൾ ചിത്രം പാടുന്നു.

പൊന്നാനിയിലെ ഏക നമ്പൂതിരിമനയിൽ, അതും ഇമ്പാല കാറൊക്കെയുണ്ടായിരുന്ന ഒരു സമ്പന്നമനയിൽ ജനിച്ചിട്ടു വാസുദേവൻ നമ്പൂതിരിയെ പഠിക്കാൻ വിടാതിരുന്നത് അച്ഛന് അതിൽ താല്പര്യമില്ലാതിരുന്നതിനാലാണ്. അച്ഛൻ പരമേശ്വരൻ നമ്പൂതിരിയും സ്കൂളിൽ പോയിരുന്നില്ല. അച്ഛന്റെ മരണശേഷം  നമ്പൂതിരിയെ ജ്യേഷ്ഠൻ സംസ്കൃതം പഠിപ്പിക്കാൻ കൊണ്ടുപോയി ചേർത്തു. പഠിപ്പിച്ച വീമ്പൂർ കടലായി കുഞ്ചു നമ്പൂതിരിയുടെ പാണ്ഡിത്യമല്ല നമ്പൂതിരി ഓർമിക്കുന്നത്. കണ്ണടയുടെ പൊട്ടിപ്പോയ ചില്ല് റബർപാൽ കൊണ്ട് കൂട്ടിയൊട്ടിച്ചാണ് അദ്ദേഹം മുഖത്തു വച്ചിരുന്നതെന്നാണ്. അന്നേ ദൃശ്യങ്ങളിലായിരുന്നല്ലോ താൽപര്യം.

മനോരമ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി വരപ്പിക്കുമ്പോഴുണ്ടായതിനേക്കാൾ നമ്പൂതിരിയോട് അടുപ്പമുണ്ടായത് ക്രിസ്തുവിന്റെ അവസാനത്തെ അത്താഴം ചെയ്യുമ്പോഴാണ്. ചെമ്പു തകിടിൽ എനിക്കുവേണ്ടി അതു ചെയ്തു തരാമെന്ന് നമ്പൂതിരി ഏൽക്കുമ്പോൾ ഒരു ഭാരതീയ ചിത്രകാരന്റെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ അതു രചിക്കുമെന്നായിരുന്നു ഞാൻ കരുതിയത്. കടലാസിൽ സ്കെച്ചു ചെയ്യുമ്പോൾ ചിലരുടെ സ്ഥാനക്രമമൊക്കെ മാറ്റി നോക്കിയെങ്കിലും ചെമ്പു പാളികളിലേക്കു പകർന്നത് ലിയനാർദോ ഡാവിഞ്ചി വരച്ച അവസാനത്തെ അത്താഴം തന്നെയാണ്. നമ്പൂതിരിയുടെ അത്യപൂർവമായ ഒരു ‘പകർത്തൽ’. 

ചെമ്പുപാളികളിൽ ത്രിമാന ചിത്രങ്ങളെഴുതുക ഏറെ സൂക്ഷ്മത ആവശ്യമുള്ള പണിയാണ്. കണ്ണാടിയിൽ വലംകൈ ഇടങ്കയ്യായും ഇടം കൈ വലങ്കയ്യായും കാണുന്നതുപോലെ ചിത്രം മറിച്ചിട്ടു വരച്ചുകൊടുക്കണം. സഹായികൾ ഇതു ചെമ്പുപാളിയുടെ പിൻവശത്തൊട്ടിച്ച് ചുറ്റിക കൊണ്ടിടിച്ച് മറുവശത്ത് പൊന്തിച്ചെടുക്കുന്നതാണു രീതി. പക്ഷേ, എന്തുകൊണ്ടോ, ഒരു പാളിച്ച പറ്റി. ചിത്രം മറിച്ചാണ് വരച്ചുകൊടുക്കേണ്ടതെന്നതു നമ്പൂതിരി മറന്നു. എല്ലാം കീഴ്മേൽ മറിഞ്ഞു. ഫലത്തിൽ ശിൽപം പൂർത്തിയാവുമ്പോൾ വലതൊക്കെ ഇടത്താകും, ഇടത് വലത്തും. അതുവരെയുള്ള അധ്വാനവും ആ ചെമ്പുപാളിയും ഉപേക്ഷിച്ച് പുതിയ പ്രതലത്തിൽ വീണ്ടും പണി തുടങ്ങുകയായിരുന്നു.

ഈ അധ്വാനനഷ്ടത്തേപ്പറ്റി അറിഞ്ഞപ്പോൾ ഉപേക്ഷിച്ച ചെമ്പുപാളിയിൽ ആ പടം തെറ്റായിത്തന്നെ പൂർത്തിയാക്കിത്തരാൻ ഞാൻ നമ്പൂതിരിയോടു നിർദ്ദേശിച്ചു. മുഖാമുഖമുള്ള രണ്ടു ഭിത്തികളിൽ ഇവ രണ്ടും വച്ചാൽ അപൂർവമായൊരു പാരസ്പര്യമാവുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ഞാൻ വൈകിപ്പോയിരുന്നു. എനിക്കു മുമ്പേ നമ്പൂതിരിയുടെ ഒരു സുഹൃത്ത് തെറ്റിപ്പോയ ചിത്രം പൂർത്തിയാക്കാൻ ഓർഡർ നൽകിക്കഴിഞ്ഞിരുന്നു.

അവസാനത്തെ അത്താഴം പൂർത്തിയാക്കിയ ശേഷം നമ്പൂതിരി ചെമ്പുപാളികളിലേക്കു പകർത്തിയത് മഹാഭാരതമാണ്,  ആ പരമ്പര കൊച്ചിയിൽ ഒരു പ്രദർശനത്തിനു വയ്ക്കുന്നുണ്ട്, അതിന്റെ കൂടെ പ്രദർശിപ്പിച്ച ശേഷം അത്താഴം തന്നാൽ പോരേ എന്നു നമ്പൂതിരി ചോദിച്ചു. ഞാൻ അത്താഴപ്പട്ടിണിക്കാരനാണെന്നു ഭാവിച്ചില്ല.

പിറ്റേവർഷം 2006ൽ പ്രദർശനം തുറന്നുകൊടുത്ത എം.എ. ബേബി മഹാഭാരതവും ബൈബിളിലെ അവസാനത്തെ അത്താഴവും തമ്മിലുള്ള പാരസ്പര്യത്തെപ്പറ്റി ഉപന്യസിച്ചു. താൻ അതുവരെ ചെയ്ത ചിത്രീകരണങ്ങളിലെ മാസ്റ്റർ പീസാണ് അവസാനത്തെ അത്താഴമെന്ന് നമ്പൂതിരി ചില അഭിമുഖങ്ങളിൽ പറഞ്ഞു. ഈ അത്താഴത്തിന് കലാസംഘാടനരംഗത്ത് ഏറെ അറിയപ്പെടുന്ന  മറുനാടൻ മലയാളി  5 ലക്ഷം രൂപവിലയിട്ടു.

സമകാലിക മലയാളം പത്രാധിപർ എസ്. ജയചന്ദ്രൻ നായർ നമ്പൂതിരിയെ മാറ്റിനിർത്തിപ്പറഞ്ഞു: ‘താൻ ഈ അഞ്ചു ലക്ഷം വാങ്ങ്. എന്നിട്ട് തോമസ് ജേക്കബിൽ നിന്നു വിലയായി വാങ്ങിയ ഒരു ലക്ഷം തിരിച്ചുകൊടുത്ത് ആ ചങ്ങായിയെ ഒഴിവാക്ക്.’

എന്റെ സുഹൃത്തായ ജയചന്ദ്രൻ നായരുടെ ഈ ഉപദേശം കേൾക്കാനിടയായ ഒരാൾ എന്നെ വിളിച്ച് വിവരം പറഞ്ഞു. ജയചന്ദ്രൻ നായരെപ്പോലെ ഉപദേശം സൗജന്യമായി കൊടുക്കാൻ കഴിവുള്ള സുഹൃത്തുക്കൾ എനിക്കു വേറെയും ഉള്ളതിനാൽ എന്റെ കാണിക്കയുടെ ചെമ്പുതെളിയുന്നതിനു മുമ്പ് ഞാൻ ആ കലാശിൽപം കൈപ്പറ്റി.

Content Highlight: Artist Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com