വ്യാജ ജഡ്ജി പിടിയിൽ; പിടിയിലായത് റിസോർട്ടിൽ പണം നൽകാതെ മുങ്ങാൻ ശ്രമിക്കവേ

Mail This Article
വൈപ്പിൻ ∙ മുംബൈയിലെ ഹൈക്കോടതി ജഡ്ജിയാണെന്ന പേരിൽ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ടാണ് (24) മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് വച്ച ഇന്നോവ കാറിൽ 2 ദിവസം മുൻപ് ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയ പ്രതിയോടൊപ്പം 3 യുവാക്കളും ഉണ്ടായിരുന്നു. ഇന്നലെ പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ട് അധികൃതർ തടഞ്ഞു വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഫ്രീലാൻസ് ഫൊട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ ജഡ്ജിയാണെന്നു പരിചയപ്പെടുത്തി ഫോട്ടോ ഷൂട്ട് നടത്താൻ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും വാഹനം അയച്ചു തന്ന് കൂടെക്കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവർ പറയുന്നത്. ഇതേ രീതിയിൽ ട്രാവൽ ഏജൻസിയിൽ നിന്ന് തരപ്പെടുത്തിയതാണ് വാഹനമെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വർ ബീച്ചിൽ വിഐപിയായി താമസിച്ചിരുന്നു. പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നവർ പോലും ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
English Summary: Fake judge under arrest