റോഡ് ക്യാമറ റിപ്പോർട്ട്: വ്യവസായ വകുപ്പ് പരിശോധിച്ചു തീർന്നില്ല
Mail This Article
തിരുവനന്തപുരം∙ റോഡ് ക്യാമറ വിവാദത്തിൽ കെൽട്രോണിനു വീഴ്ച സംഭവിച്ചോ എന്നന്വേഷിച്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇനിയും പരിശോധിച്ചു തീരാതെ വ്യവസായ വകുപ്പ്. കഴിഞ്ഞ മേയ് 19ന് ആണ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മന്ത്രി പി.രാജീവിനു റിപ്പോർട്ട് നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറിയെ ഒപ്പമിരുത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മന്ത്രി പി.രാജീവ് പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടരമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സർക്കാർ തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്യാമറ ഇടപാടിനെതിരെ കോടതിയിലുള്ള കേസുകൾ അവസാനിക്കാനാണു സർക്കാർ കാത്തിരിക്കുന്നതെന്നാണു സൂചന.
ഹനീഷിന്റെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണെന്നാണു മന്ത്രി ഇന്നലെ നിയമസഭയിൽ അറിയിച്ചത്. പരിശോധന പൂർത്തിയായില്ലെങ്കിലും കെൽട്രോണിന്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നാണു മന്ത്രിയുടെ നിലപാട്. ക്യാമറ ഇടപാടിൽ സർക്കാരിന്റെ നിർദേശങ്ങളൊന്നും കെൽട്രോൺ ലംഘിച്ചിട്ടില്ലെന്നു സഭയിൽ മന്ത്രി പറഞ്ഞു. മുഹമ്മദ് ഹനീഷിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയ ഘട്ടത്തിലും കെൽട്രോണിനെ പൂർണമായി ന്യായീകരിക്കാൻ മന്ത്രി തുനിഞ്ഞത് അന്വേഷണത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കിയിരുന്നു.
മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് കെൽട്രോണിന് അനുകൂലമാണെങ്കിലും എസ്ആർഐടിയുമായുള്ള കരാറിൽ ഉപകരാർ കമ്പനികളായ അൽഹിന്ദ്, പ്രസാഡിയോ എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയതു വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിനു മുൻപു സമഗ്ര ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമം കെൽട്രോൺ പൂർത്തിയാക്കിയില്ലെന്നും കണ്ടെത്തി. ഭാവിയിൽ സമാന പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ പരിശോധന ഉറപ്പുവരുത്തുന്നതിന് ഉന്നതാധികാര സമിതിക്കു സർക്കാർ രൂപം നൽകണമെന്ന നിർദേശവും വച്ചിരുന്നു.
പദ്ധതിയെ വിവാദത്തിലാക്കിയ ഉപകരാർ സംബന്ധിച്ചുള്ള അന്വേഷണം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയിരുന്നില്ല. ‘ ആർക്കെല്ലാം, എന്തെല്ലാം ഉപകരാർ നൽകുന്നുവെന്നതു കമ്പനി കെൽട്രോണിനെ അറിയിക്കണമെന്നും അവരെ അംഗീകരിക്കുകയോ, തള്ളുകയോ ചെയ്യാനുള്ള അവകാശം കെൽട്രോണിനായിരിക്കും’ എന്നുമുള്ള വ്യവസ്ഥ ടെൻഡറിലുണ്ട്. ഈ ചുമതല കെൽട്രോൺ നിർവഹിച്ചോ എന്ന കാര്യം അന്വേഷണ വിധേയമായില്ല. അൽഹിന്ദ്, പ്രസാഡിയോ കമ്പനികളുടെ പേരുകൾ കെൽട്രോണുമായുള്ള കരാറിൽ ഉൾപ്പെടുത്തിയത് ആ കമ്പനികളുടെ നിർബന്ധം മൂലമാണെന്ന് എസ്ആർഐടി സിഇഒ മധു നമ്പ്യാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കെൽട്രോൺ സമ്മതിക്കാതെ കരാർ രേഖയിൽ ഈ ഉപകരാർ കമ്പനികളുടെ പേരുൾപ്പെടുത്താൻ കഴിയില്ല. ആ നിലയ്ക്ക്, കെൽട്രോണിലും ഈ കമ്പനികൾ സമ്മർദം ചെലുത്തിയിരുന്നോ എന്നതും പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ചില്ല.
English Summary : Road camera report, Industrial department has not finished checking