പിണറായിക്ക് ഗൾഫിൽ ബെനാമി ബിസിനസ്; എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികൾ: സ്വപ്ന

Mail This Article
തിരുവനന്തപുരം∙ യുഎഇയിലും ഷാർജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയനു ബെനാമി ബിസിനസുണ്ടെന്നും അതിന്റെ ആവശ്യത്തിനായാണ് ഇടയ്ക്കിടെ ഗൾഫിൽ പോകുന്നതെന്നുമുള്ള ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
കേരളത്തിൽ തുടക്കമിട്ട എല്ലാ ‘കെ’പദ്ധതികളും ‘വി’ പദ്ധതികളാണെന്നു ചാനൽ അഭിമുഖത്തിൽ സ്വപ്ന സുരേഷ് ആരോപിച്ചു. പദ്ധതി ആലോചിക്കുമ്പോൾ തന്നെ അതിൽ താൽപര്യമുള്ള വൻ മത്സ്യം ആരെന്നു കണ്ടെത്തും. അവരിൽനിന്നു മുൻകൂറായി പണം പറ്റും. കടലാസു പദ്ധതിയെന്നു തിരിച്ചറിയുമ്പോൾ, അവർക്ക് എതിർക്കാൻ ധൈര്യമുണ്ടാകില്ല. ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐടി വകുപ്പിലാണ് അത്തരത്തിൽ കൂടുതൽ പദ്ധതികളുണ്ടായത്. ക്ലിഫ് ഹൗസിലെ വട്ടമേശചർച്ചയിൽ താനും പങ്കാളിയായിട്ടുണ്ട്. ദുബായിലും ചർച്ച നടന്നിട്ടുണ്ട്. താൻ ഉണ്ടായിരുന്ന ഒരു ചർച്ചയിലും വീണ പങ്കെടുത്തിട്ടില്ല.
വീണയുടെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയെ സഹായിക്കാൻ തന്നെ ബംഗളൂരുവിൽ നിയമിക്കാൻ ശിവശങ്കർ ആലോചിച്ചിരുന്നു. കുട്ടികൾ തിരുവനന്തപുരത്തു പഠിക്കുന്നതിനാൽ താൻ നിരസിച്ചു.
തന്നെയും കെ ഫോണിനു വേണ്ടി ഒരാളെയും നേരിട്ടെടുക്കാൻ പ്രൈസ് വാട്ടർകൂപ്പേഴ്സ് തടസ്സം പറഞ്ഞപ്പോൾ, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷൻ ടെക്നോളജീസ് എന്ന പേരിൽ ഒരു കടലാസു കമ്പനി റജിസ്റ്റർ ചെയ്താണു ജോലിക്കെടുത്തത്. ഇപ്പോൾ അങ്ങനെയൊരു കമ്പനിയില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
‘എഐ ക്യാമറ: ജയരാജന്റെ മകൻ ഒഴിവാക്കപ്പെട്ടു’
എഐ ക്യാമറ പദ്ധതി യഥാർഥത്തിൽ നടപ്പാക്കേണ്ടിയിരുന്നതു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മകനെന്നു സ്വപ്ന സുരേഷ്. ആ സമയത്ത് ജയരാജൻ വ്യവസായ മന്ത്രിയായിരുന്നു. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായിൽ താൻ കൂടിക്കാഴ്ച നടത്തി. എന്നാൽ പദ്ധതി നടത്തിപ്പിലേക്ക് എത്തിയപ്പോൾ ഒഴിവാക്കപ്പെട്ടു. എഐ ക്യാമറ അഴിമതിയാണെന്നും പദ്ധതിയെക്കുറിച്ചു നന്നായറിയാമെന്നും സ്വപ്ന പറഞ്ഞു.
English Summary: Benami business for Pinarayi Vijayan in Gulf; All ‘K’ projects are ‘V’ projects alleges Swapna Suresh