മുന്നിൽനിന്ന് സതീശൻ, തൃക്കാക്കരയെ കടത്തിവെട്ടി: അവിവാഹിതരിൽ നാലാമൻ മൂന്നാം നാൾ സത്യപ്രതിജ്ഞ ചെയ്യും
Mail This Article
കോട്ടയം ∙ ചാണ്ടി ഉമ്മനാണ് സ്ഥാനാർഥിയെങ്കിലും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്; പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചു. വെറും വാക്കല്ലായിരുന്നു അത്. മണ്ഡലം കണ്ട ഏറ്റവും വലിയ യുഡിഎഫ് പ്രചാരണത്തിനാണ് 26 ദിവസം പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. തൃക്കാക്കരയിൽ വിജയിച്ച അതേ ഫോർമുലയിൽത്തന്നെ കോൺഗ്രസ് മുന്നോട്ടു പോയപ്പോൾ വൻഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ ഇത്രമാത്രം പ്രചാരണം നടത്തുന്നതും ഇതാദ്യം.
മുന്നിൽനിന്ന് സതീശൻ; പിന്നാലെ മുന്നണി
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുതുപ്പള്ളി മണ്ഡലത്തിൽ ക്യാംപ് ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ മണ്ഡലത്തിലേക്ക് ഇടവേളകളിൽ എത്തിക്കൊണ്ടിരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങൾ ആവേശത്തിലാക്കാൻ എ.കെ.ആന്റണിയും എത്തി. കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് അത്രയൊന്നും അഭിമതനല്ലാതിരുന്നിട്ടും പ്രവർത്തകസമിതിയംഗം ശശി തരൂരിനെ ഇറക്കി റോഡ് ഷോ നടത്തി. പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ വേദനയുണ്ടായിട്ടും ഉമ്മൻചാണ്ടിക്കു വേണ്ടി അതു മാറ്റിവച്ച് രമേശ് ചെന്നിത്തല ആദ്യവസാനം പുതുപ്പള്ളിക്കാരനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വവും സജീവമായി അണിചേർന്നു. എല്ലാ തിരഞ്ഞെടുപ്പിലും കയറി വരാറുള്ള വിവാദങ്ങളോ, അനൈക്യ പ്രസ്താവനകളോ ഇക്കുറിയുണ്ടായില്ല.
അടിത്തട്ടിൽ പ്രവർത്തനം
താഴെത്തട്ടിൽ ചിട്ടയായി കെട്ടിപ്പൊക്കിയ അടിത്തറയിലാണ് നേതാക്കൾ കാലുറപ്പിച്ചത്. മണ്ഡലത്തിൽ ആകെയുള്ള 8 പഞ്ചായത്തുകളിലും മേൽനോട്ടത്തിനു കമ്മിറ്റി– ഇതിൽ ഏറ്റവും ചുരുങ്ങിയത് ഒരു എംപി, ഒരു എംഎൽഎ, ഒരു കെപിസിസി അംഗം എന്നിവരുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം. ഇതിനു പുറമേ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സ്ക്വാഡുകൾ, സമൂഹമാധ്യമത്തിൽ വീഴ്ചയില്ലാതെ പ്രവർത്തിക്കാൻ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എന്നിവ കരുത്തായി.
യുഡിഎഫിന്റെ പ്രമുഖരായ എല്ലാ നേതാക്കളും മണ്ഡലത്തിലെത്തി പ്രചാരണം നടത്തി. വലിയ പൊതുയോഗങ്ങളെക്കാൾ ചെറിയ കോർണർ യോഗങ്ങളും കുടുംബയോഗങ്ങളുമാണു കൂടുതൽ സംഘടിപ്പിച്ചത്.
അതിവേഗം സ്ഥാനാർഥി
ഉമ്മൻ ചാണ്ടി അന്തരിച്ച് 22–ാം ദിവസം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കോൺഗ്രസിനു വേണ്ടിവന്നതു 3 മണിക്കൂർ മാത്രം! അതിവേഗത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥി ബഹുദൂരം മുന്നേറിക്കഴിഞ്ഞാണു സ്ഥാനാർഥിയുമായി സിപിഎം രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന മണ്ഡലത്തിൽ ചാണ്ടി ഉമ്മൻതന്നെ സ്ഥാനാർഥി എന്ന തീരുമാനം ശരിവയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ്.
തൃക്കാക്കര മോഡൽ
തൃക്കാക്കരയിൽ വിജയിപ്പിച്ച അതേ മോഡൽ തന്നെയാണു പുതുപ്പള്ളിയിലും യുഡിഎഫ് പരീക്ഷിച്ചത്. എല്ലാ നേതാക്കളെയും രംഗത്തിറക്കി ഏകോപിപ്പിച്ച പ്രവർത്തനമായിരുന്നു തൃക്കാക്കരയിൽ. അതേ വഴിയിൽത്തന്നെ പുതുപ്പള്ളിയും മുന്നോട്ടുപോയി.
വികസനമെന്ന സിപിഎം തന്ത്രത്തിനു തൃക്കാക്കരയിൽ നൽകിയ മറുപടിപോലെ പുതുപ്പള്ളിയുടെ വികസനവും എടുത്തുകാട്ടി പ്രചാരണം നയിച്ചു. ഫലം തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലും റെക്കോർഡ് ഭൂരിപക്ഷം.
മൂന്നാം നാളിൽ സത്യപ്രതിജ്ഞ അവിവാഹിതരിൽ നാലാമൻ
തിരുവനന്തപുരം ∙ നിയമസഭയിൽ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡിലേക്കു ചേരുന്ന ചാണ്ടി ഉമ്മൻ വിജയത്തിന്റെ മൂന്നാം നാളിൽ, തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ മരിച്ച ഒഴിവിൽ അരുവിക്കരയിൽ 2015 ൽ ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേന്നുതന്നെ കെ.എസ്.ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാണ് ഉപതിരഞ്ഞെടുപ്പിലെ അതിവേഗ സത്യപ്രതിജ്ഞ.
അവിവാഹിതരായ നിയമസഭാംഗങ്ങളുടെ പട്ടികയിൽ നാലാമനായി എത്തുകയാണു ചാണ്ടി ഉമ്മൻ. മന്ത്രി കെ.രാധാകൃഷ്ണൻ, കോവൂർ കുഞ്ഞുമോൻ, റോജി എം.ജോൺ എന്നിവരാണു മറ്റുള്ളവർ.
English Summary : Winning formula continued in puthuppally election and crossed Trikkakara