സിഎംആർഎൽ മാസപ്പടി: കൃത്യമായ ആരോപണം എങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയും മകളും ഉൾപ്പെടെയുള്ള എതിർകക്ഷികൾ പണം വാങ്ങി എന്തെങ്കിലും അനർഹമായ ആനുകൂല്യങ്ങൾ സിഎംആർഎലിനു ചെയ്തു നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന കൃത്യമായ ഒരു ആരോപണമെങ്കിലും ഉണ്ടോയെന്നു ഹൈക്കോടതി ആരാഞ്ഞു. മാസപ്പടി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി, വി. കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെയുള്ള റിവ്യൂ പെറ്റീഷനിലാണു ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം ആരാഞ്ഞത്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നു കോടതി വാക്കാൽ പറഞ്ഞു.
എല്ലാ ബിസിനസ് സ്ഥാപനങ്ങളും രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾക്കു സംഭാവന നൽകാറുണ്ടെന്നും വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനാണ് ഇതെന്നും കോടതി വാക്കാൽ പറഞ്ഞു. എന്നാൽ അനർഹമായ ആനുകൂല്യം ലഭിച്ചോ എന്നാണ് ചോദ്യമെന്നു കോടതി ചൂണ്ടിക്കാട്ടി. പൊതുസേവകർക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളിൽ
പ്രോസിക്യൂഷൻ നടപടികൾക്കു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാൽ ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ചില ഉത്തരവുകളുണ്ടെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇവയുടെ പകർപ്പ് നൽകിയില്ല. തുടർന്നു രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
English Summary : CMRL monthly allowance allegation : High Court asks whether there is accurate allegation