പിരിച്ചെടുക്കാൻ 28,258 കോടി, വരുമാനത്തിന്റെ 24.23%; കുടിശിക ഈടാക്കുന്നതിൽ സർക്കാർ പരാജയമെന്ന് സിഎജി

Mail This Article
തിരുവനന്തപുരം ∙ നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തുന്നെന്നും വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള കുടിശിക 28,258 കോടി രൂപയായി വർധിച്ചെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 2022 മാർച്ച് വരെയുള്ള ആകെ കുടിശികയാണിത്.
സംസ്ഥാന സർക്കാരിന്റെ ആകെ വാർഷിക വരുമാനത്തിന്റെ കാൽ ഭാഗത്തോളം (24.23%) വരും ഇൗ തുക. കുടിശിക തീർക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് 2021–22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് വരുമ്പോൾ മാത്രമാണ് വകുപ്പുകൾ കുടിശികയുടെ കണക്കെടുക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ സിഎജി കുടിശിക പിരിച്ചെടുക്കാൻ അടിക്കടി കണക്കുകൾ പരിശോധിക്കണമെന്നു നിർദേശിച്ചു.
ആകെ കുടിശികയിൽ 6,267 കോടി രൂപയുടെ കേസുകൾ കോടതിയും സർക്കാരും സ്റ്റേ ചെയ്തിരിക്കുകയാണ്. കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണം. ഓഡിറ്റ് റിപ്പോർട്ടുകൾക്കുമേൽ തുടർനടപടികൾക്കു പല വകുപ്പുകളും തയാറാകുന്നില്ല. റിപ്പോർട്ട് അവഗണിക്കുന്നതിൽ നികുതി, റവന്യു വകുപ്പുകളാണ് മുന്നിൽ.
കുറഞ്ഞ നികുതി നിർണയം കാരണം ജിഎസ്ടി, മോട്ടർ വാഹനം, എക്സൈസ് വകുപ്പുകളിലായി 4,332 കോടി രൂപ സർക്കാരിനു നഷ്ടപ്പെട്ടു. എന്നാൽ 541 കോടി മാത്രമാണു നഷ്ടപ്പെട്ടതെന്നു വകുപ്പുകൾ അറിയിച്ചു.
500 കോടിക്കുമേൽ പിരിച്ചെടുക്കാനുള്ള കുടിശിക
ജിഎസ്ടി - 13,410.12 കോടി
പലിശ കുടിശിക - 5,979.91 കോടി
വൈദ്യുതി നികുതി - 3,118.50 കോടി
മോട്ടർ വാഹനം - 2,868.47 കോടി
ഭൂനികുതി - 635.19 കോടി
ഭൂമി റജിസ്ട്രേഷൻ - 590.86 കോടി
രാഷ്ട്രീയ ലക്ഷ്യമെന്ന് സർക്കാർ
ഇതേസമയം, കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയാണ് ഇതിൽ അധികമെന്നും ഇക്കാര്യം റിപ്പോർട്ടിൽ സിഎജി മറച്ചുവച്ചെന്നുമാണ് സർക്കാരിന്റെ പ്രതികരണം. ഇതു ബോധപൂർവമാണ്. കാലങ്ങളായുള്ള കുടിശികയാണ് ഇതിൽ നല്ലൊരു പങ്കും. അക്കാര്യവും റിപ്പോർട്ടിലില്ല. പതിവായി ഇൗ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്ന സിഎജി ഇക്കുറി ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുകയാണു സർക്കാർ.
English Summary: 28,258 crore to be collected; CAG said that the government has failed to clear the arrears