മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം ബാഗിൽ; രണ്ടാഴ്ചയിലധികം പഴക്കം

Mail This Article
ഇരിട്ടി (കണ്ണൂർ) ∙ തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയിൽ കർണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചുരത്തിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ വനംവകുപ്പ് നിയോഗിച്ച സംഘത്തിൽപെട്ടവരാണ് പൊലീസിൽ വിവരമറിയിച്ചത്. റോഡരികിലെ കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ബാഗിൽനിന്നു ദുർഗന്ധം വമിച്ചതോടെയാണ് ഇവരുടെ ശ്രദ്ധയിൽപെട്ടത്. കേരളാതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കിലോമീറ്റർ മാറി ഓട്ടക്കൊല്ലിക്കു സമീപം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിന്റെ പരിധിയിലാണ് ബാഗ് കണ്ടെത്തിയ സ്ഥലം. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. 25 – 35 വയസ്സുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
കുടക് ജില്ലാ പൊലീസ് മേധാവി രാമരാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരാജ്പേട്ട റൂറൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽനിന്നു സമീപകാലത്തു സ്ത്രീകളെ കാണാതായ സംഭവങ്ങൾ അന്വേഷിക്കുന്നുണ്ട്. കേരളത്തോടു ചേർന്ന സ്ഥലമായതിനാൽ അന്വേഷണം ഇവിടേക്കും നീളും.
English Summary: A body suspected to be that of a woman was found decomposing on the Thalassery-Kudak interstate highway.